സ്വർണ്ണക്കടത്ത് കേസ് ബിജെപിയിലേക്ക് നീങ്ങിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമോ?

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരിലേക്ക് കസ്റ്റംസ് നീങ്ങിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദേശാഭിമാനിയാണ് വാർത്ത് റിപ്പോർട്ട് ചെയ്തത്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രിവന്റീവ് വിഭാഗം കമ്മീഷണർ ഉൾപ്പെടെയുള്ളവർക്കാണ് സ്ഥലംമാറ്റമുണ്ടാവാൻ സാധ്യത.

ആദ്യഘട്ടത്തിൽ അന്വേഷണത്തിന് നേതൃത്വം നൽകിയ ജോയിന്റ് കമ്മീഷണർ അനീഷ് പി രാജനെ നാഗ്പുരിലേക്ക് മാറ്റിയിരുന്നു. അനീഷിനൊപ്പം എട്ടുപേരെയും മാറ്റി. പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിനും സൂപ്രണ്ട് വിവേകിനുമാണ് ഇപ്പോൾ സ്ഥലംമാറ്റ ഭീഷണി. തുടക്കംമുതൽ ഇരുവരും ബിജെപി നേതൃത്വത്തിന്റെ നോട്ടപ്പുള്ളികളാണെന്നും വാർത്തയിൽ പറയുന്നു.

അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റിനും സാധ്യതയുണ്ടെന്നാണ് വാർത്തകൾ. ഇതോടെയാണ് സ്ഥലം മാറ്റത്തിന് കേന്ദ്ര നീക്കം. അനീഷ് പിരാജന് പിന്നാലെ പ്രധാന ഉദ്യോഗസ്ഥരും സ്ഥലംമാറ്റ ഭീഷണിയിലായതോടെ അന്വേഷണസംഘം തന്നെ അങ്ങേയറ്റം നിരാശയിലാണെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

വ്യാഴാഴ്ച സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേസിൽ പ്രതിയായ സ്വപ്ന സുരേഷുമായുള്ള ബന്ധം വെളിപ്പെട്ടതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ. പിന്നാലെ, സത്യം തെളിയും വരെ ജനം ടിവിയിൽ നിന്ന് മാറിനിൽക്കുകയാണെന്ന് അനിൽ നമ്പ്യാർ അറിയിച്ചിരുന്നു. അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ ജനം ടിവി പാർട്ടി ചാനലല്ലെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കൈയ്യൊഴിഞ്ഞതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത് പോലും താൻ അറിഞ്ഞില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

Exit mobile version