ഏഴ് വർഷം മുമ്പത്തെ പിഎസ്‌സി റാങ്ക് ലിസ്റ്റ് കാണിച്ച് തന്നെ വ്യക്തിഹത്യ ചെയ്യുന്നു; തന്നേക്കാൾ യോഗ്യരായവർ എന്നു പറയുന്നവരെ ഈ റാങ്ക് ലിസ്റ്റിൽ കാണിച്ചു തരാമോ? വെല്ലുവിളിച്ച് നിനിത കണിച്ചേരി; ഉത്തരംമുട്ടി അവതാരകൻ

ninitha kanicher-1

തിരുവനന്തപുരം: കാലടി സംസ്‌കൃത സർവ്വകലാശാലയിലെ നിയമത്തെ ചൊല്ലി ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി. താൻ നേരത്തെ തന്നെ പ്രതികരിക്കാതിരുന്നത് ഈ വിവാദത്തിന്റെ ലക്ഷ്യം താനല്ലെന്നും മറ്റുപലതുമാണെന്ന് അറിയാവുന്നതുകൊണ്ടാണെന്നും വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നിനിത ആരോപിച്ചു.

ഏഴ് വർഷം മുൻപുള്ള ഒരു പിഎസ്‌സി റാങ്ക് ലിസ്റ്റിൽ തന്റെ പേര് 212ാം റാങ്കിലാണെന്ന് ചൂണ്ടിക്കാണിച്ച് മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും നിനിത ചൂണ്ടിക്കാണിച്ചു. വിവാദ നിയമനത്തിൽ തന്നെക്കാൾ യോഗ്യരായവർ എന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നവരുടെ പേരുകൾ ഈ റാങ്ക് ലിസ്റ്റിൽ കാണിച്ചുതരാനാകുമോ എന്നും നിനിത ചാനൽ ചർച്ചയ്ക്കിടെ അവതാരകൻ വിനു വി ജോണിനേയും ഏഷ്യാനേറ്റ് ചാനലിനേയും വെല്ലുവിളിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം ചർച്ചയ്ക്കിടയിൽ അവതാരകനെ നേരിട്ട് വിളിച്ചായിരുന്നു നിനിത തന്റെ ഭാഗം വ്യക്തമാക്കിയത്.

തനിക്കെതിരെ നടക്കുന്ന ചർച്ചകളുടെ യഥാർഥ ലക്ഷ്യം താനല്ല എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് ആദ്യമാദ്യം പ്രതികരിക്കാതിരുന്നത്. എന്നാൽ ഇന്റർവ്യൂ ബോർഡംഗങ്ങൾ വൈസ് ചാൻസിലർക്ക് അയച്ചു എന്ന് പറയുന്ന കത്ത് വാട്ട്‌സ്ആപ്പിലൂടെ വിവാദമുണ്ടാകുന്നതിന് മുൻപ് രാത്രിതന്നെ വാട്ട്‌സ്ആപ്പിൽ ലഭിക്കുകയുണ്ടായി. ഈ സംഭവങ്ങളെല്ലാം ദുരുദ്ദേശപരമാണ്. ആരും തന്നെക്കാൾ യോഗ്യതയിൽ ഉയർന്നവരാണെന്നോ താഴെയാണെന്നോ വാദമില്ല. തനിക്ക് വ്യക്തിപരമായി ജോലിയിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ചേരേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും പക്ഷെ, തന്നെ മാറ്റി നിർത്താൻ സമ്മർദ്ദമുണ്ടായ പശ്ചാത്തലത്തിൽ ജോലിക്ക് കയറാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും നിനിത കണിച്ചേരി കൂട്ടിച്ചേർത്തു.

ഭർത്താവിന്റെ മേൽവിലാസത്തിലല്ല സ്ത്രീകൾ അറിയപ്പെടുന്നതെന്നും അവർക്ക് സ്വന്തമായി ജീവിതമുണ്ടെന്നും നിനിത ആഞ്ഞടിച്ചു. അതേസമയം നിനിതയുടെ നിയമനത്തിനെതിരെ ഇന്റർവ്യൂ ബോഡിന്റെ ഏഴംഗ സമിതിയിൽ മൂന്നുപേർ മാത്രമായിരുന്നു വിഷയവിദഗ്ധരായി ഉണ്ടായിരുന്നത്. ഉദ്യോഗാർത്ഥിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിഷയ വിദഗ്ധരാണ്. തങ്ങളുടെ തെരഞ്ഞെടുപ്പനുസരിച്ച് നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും നിനിതയെ തങ്ങൾ തെരഞ്ഞെടുത്തിട്ടില്ലായിരുന്നെന്നുമാണ് മൂവരും വിസിക്കും രജിസ്ട്രാർക്കും കത്ത് നൽകിയത്. മറ്റൊരു ഉദ്യോഗാർത്ഥിക്കായിരുന്നു മുസ്ലിം സംവരണ വിഭാഗത്തിൽ ഒന്നാം റാങ്ക്. പട്ടിക അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.

അതേസമയം, തങ്ങൾ മാർക്ക് നൽകിയ വിദ്യാർത്ഥിക്ക് തന്നെ ഒന്നാം റാങ്ക് ലഭിക്കണമെന്നത് ദുശാഠ്യമാണെന്നും റാങ്ക് ലിസ്റ്റ് പുറത്തുവരും മുമ്പ് തന്നെ വിഷയം വിവാദമായത് സംശയാസ്പദമാണെന്നും കാലടി യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയായ ഡോ. ലിസി മാത്യു അഭിപ്രായപ്പെട്ടു. പ്രമുഖനായ വ്യക്തിയുടെ ഭാര്യയായതിനാൽ നിനിത കണിച്ചേരിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഇരയാക്കുകയാണെന്നും അവർ ചൂണ്ടിക്കാണിച്ചു.

Exit mobile version