‘അഞ്ഞൂറ് മുടക്കി ആർടിപിസിആർ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം’; വിമർശിച്ച് സംവിധായകൻ അലി അക്ബർ

തിരുവനന്തപുരം: ‘അഞ്ഞൂറ് മുടക്കി ആർടിപിസിആർ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം. എന്റെ കിറ്റപ്പോ.’- സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ വിമർശിച്ച് സംവിധായകൻ അലി അക്ബർ. ബിവറേജസിൽ പോകാൻ ഒരു സർട്ടിഫിക്കറ്റും വേണ്ടെന്നും അലി അക്ബർ പരിഹസിക്കുന്നു.

‘ഇവിടെ ഒരു സർട്ടിഫിക്കറ്റും വേണ്ട, വന്നോളൂ തിക്കിത്തിരക്കി വാങ്ങിച്ചോളൂ, കുടിച്ചോളൂ.’-അലി പരിഹസിച്ചു. നേരത്തെ, കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾക്കെതിരെ നടി രഞ്ജിനി രംഗത്ത് എത്തിയിരുന്നു. പാൽ വാങ്ങാൻ പോകാൻ വരെ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റു കാണിക്കണോ എന്നായിരുന്നു രഞ്ജിനിയുടെ വിമർശനം.

‘പാൽ വാങ്ങാൻ പോകണമെങ്കിലും കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഞാൻ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഡികൾ’. രഞ്ജിനി പറയുന്നു.

അതേസമയം, വാക്‌സീൻ എടുക്കാത്തവരോ ആർടിപിസിആർ ഇല്ലാത്തവരോ കടയിൽ പ്രവേശിക്കുന്നതു തടയില്ലെന്നാണ് സൂചന. സാമൂഹിക അകലം പാലിക്കുന്നതു മാത്രം ഉറപ്പാക്കി മുന്നോട്ടു പോയാൽ മതിയെന്നാണു ജില്ലാ കളക്ടർമാർ എസ്പിമാർക്കു നൽകിയിരിക്കുന്ന നിർദേശം. കടകളിൽ പ്രവേശിക്കാൻ മുന്നോട്ടു വച്ച നിബന്ധനകൾ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

Exit mobile version