വീട് പൂട്ടിയതിനെ തുടർന്ന് പ്രസവം കഴിഞ്ഞെത്തിയ ഭാര്യ കുഞ്ഞിനൊപ്പം വരാന്തയിൽ താമസമാക്കിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ധോണിയിൽ പ്രസവം കഴിഞ്ഞെത്തിയ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭർത്താവ് ഒടുവിൽ അറസ്റ്റിൽ. മനു കൃഷ്ണനാണ് കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ അറസ്റ്റിലായത്. ഹേമാംബിക നഗർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട സ്വദേശിനി ശ്രുതിയാണ് മനു കൃഷ്ണന്റെ ഭാര്യ. ശ്രുതി പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതിന് ശേഷം തിരിച്ചെത്തിയപ്പോൾ ഇയാൾ ഇവരെ വീട്ടിൽ കയറ്റിയിരുന്നില്ല. കാരണം പോലും വ്യക്തമാക്കാതെ ഭർത്താവ് ക്രൂരത കാണിച്ചതോടെ ശ്രുതിയും കുഞ്ഞും വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയും ചെയ്തു.

പിന്നാലെ ശ്രുതിക്ക് നല്ലൊരു വീട് വാടകയ്ക്ക് എടുത്ത് നൽകണമെന്നും അവിടെ നിന്ന് കേസ് നടത്തട്ടേയെന്നും കോടതി നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇതും മനു അനുസരിച്ചില്ല. നിലവിൽ മനു താമസിക്കുന്ന വീടിനടുത്താണ് ശ്രുതിയും കുട്ടിയും താമസിക്കുന്നത്. ഇയാളെ ഇന്നലെ മുതൽ കാണാതായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും അറസ്റ്റ് ഉണ്ടായതും.

Exit mobile version