നാട്ടില്‍ വന്നുപോയത് മൂന്നാഴ്ച മുമ്പ്, മാനസയുടെ മരണവാര്‍ത്ത കേട്ടതിന്റെ നടുക്കം മാറാതെ ബന്ധുക്കളും നാറാത്ത് പ്രദേശവും, തളര്‍ന്നുവീണ് അമ്മ

കണ്ണൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയുടെ കൊലപാതകം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മാനസയുടെ മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നിന്നും കണ്ണൂരിലെ നാറാത്ത് പ്രദേശം ഇനിയും മോചിതരായിട്ടില്ല. മൂന്നാഴ്ച മുമ്പ് നാട്ടിലെത്തിയപ്പോള്‍ കണ്ട മാനസ മരിച്ചെന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്ക് കഴിയുന്നില്ല.

തലശേരി മേലൂര്‍ സ്വദേശി രാഖിലുമായി ഒരുവര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാനസ സൗഹൃദത്തിലായത്. ഈ ഒരു വര്‍ഷത്തെ സൗഹൃദമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്. ജോലി സംബന്ധമായ കാര്യങ്ങളിലടക്കം രാഖില്‍ കള്ളം പറഞ്ഞെന്ന് മാനസക്ക് മനസിലായി.

ഇതോടെ ഇരുവരുടെയും സൗഹൃദത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായെന്നും പിന്നീട് രാഖില്‍ ശല്യം ചെയ്യാന്‍ തുടങ്ങിയെന്നും ബന്ധുക്കള്‍ പറയുന്നു. രാഖിലിന്റെ ശല്യം കൂടിവന്നപ്പോള്‍ കഴിഞ്ഞ മാസം അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞു. ഭീഷണി കൂടിയതോടെ മാനസയുടെ അച്ഛന് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ രാഖിലിനെയും മാതാപിതാക്കളെയും വിളിച്ചു വരുത്തിയ ഡിവൈഎസ്പി, ഇനി മാനസയെ ശല്യം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു. ശല്യമുണ്ടാകില്ലെന്ന് രാഖിലും മാതാപിതാക്കളും ഉറപ്പും നല്കി. വ്യാഴാഴ്ച രാത്രി മാതാപിതാക്കളുമായും സഹോദരനുമായും മാനസ വീഡിയോ കോളില്‍ ഏറെ നേരം സംസാരിച്ചിരുന്നു.

ഇതിന് പിന്നാലെ കേട്ട മാനസയുടെ മരണവാര്‍ത്ത ഉറ്റവരെയും നാട്ടുകാരെയും ഒന്നടങ്കം ഞെട്ടിച്ചു. മാനസയുടെ മരണവാര്‍ത്തയറിഞ്ഞ അമ്മ തളര്‍ന്നുവീണു. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന അച്ഛന്‍ മാധവനെ പൊലീസ് ഉദ്യോഗസ്ഥരാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. മരണ വിവരം അറിഞ്ഞ നാട്ടുകാരും ബന്ധുക്കളും വീട്ടിലെത്തി.

Exit mobile version