തൃപ്പൂണിത്തുറയിലെ വിജയം അസാധുവാക്കണമെന്ന സ്വരാജിന്റെ ഹർജിയിൽ കെ ബാബുവിന്റെ നോട്ടീസ്

കൊച്ചി: ദൈവത്തിന്റെ പേരിൽ വോട്ട് തേടിയ തൃപ്പൂണിത്തുറ മണ്ഡലത്തിലെ കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടീസ്. എതിർകക്ഷികളായ കെ ബാബു അടക്കമുള്ളവർക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് കെ ബാബു തൃപ്പൂണിത്തുറ മണ്ഡലത്തിൽ വ്യാപകമായി വിതരണം ചെയ്തുവെന്ന് സ്വരാജ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിലാണെന്ന പ്രചരണ മുദ്രാവാക്യവും കെ ബാബു ഉയർത്തിയന്നാണ് ഹർജിയിൽ പറയുന്നത്.

വർഗീയമായ പ്രചാരണം നടത്തിയതായി കോടതിയിൽ തെളിഞ്ഞാൽ കെ ബാബുവിന് എതിരായ വിധിയുണ്ടാകും. തൃപ്പൂണിത്തുറ മണ്ഡലത്തിൽ 992 വോട്ടുകൾക്കാണ് കെ ബാബു വിജയിച്ചത്. കെ ബാബുവിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കുകയും രണ്ടാം സ്ഥാനത്തുള്ള തന്നെ എംഎൽഎയാക്കണമെന്നും സ്വരാജ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അഡ്വക്കേറ്റ് കെ എസ് അരുൺകുമാർ, പി കെ വർഗീസ് എന്നിവരാണ് സ്വരാജിന് വേണ്ടി വാദിക്കുന്നത്.

Exit mobile version