പൈന്റിന് 900 രൂപ, ഫുള്ളിന് 2000 രൂപയും; ഓട്ടോ ബാറാക്കി, മദ്യപാനികള്‍ക്ക് സഞ്ചരിച്ച് മദ്യപിക്കാനുള്ള അവസരം ഒരുക്കിയ തട്ടുകടക്കാരന്‍ പിടിയില്‍, ഒറ്റ ദിവസം വിറ്റത് ഒരുലക്ഷം രൂപയുടെ മദ്യം

കൊച്ചി: ബീവറേജസില്‍ നിന്നും അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് മദ്യം വാങ്ങി അമിത വിലയ്ക്ക് വില്‍പ്പന നടത്തി വരികായിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കളമശേരിയിലാണ് സംഭവം. തട്ടുകടക്കാരന്‍ പ്യാരിലാലാണ് അറസ്റ്റിലായത്. മദ്യവില്‍പ്പനയിലൂടെ വലിയ തുകയാണ് ഇയാള്‍ സമ്പാദിച്ചത്.

സംഭവത്തില്‍ മറ്റ് മൂന്നുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. പ്യാരിലാല്‍ കഴിഞ്ഞ ഒന്നാം തീയതി മാത്രം ഒരു ലക്ഷം രൂപയുടെ മദ്യം വിറ്റതായും, ലോക്ക്ഡൗണ്‍ കാലത്ത് മാത്രം ലക്ഷങ്ങള്‍ സമ്പാദിച്ചു കൂട്ടിയതായും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ നിന്നും വിവിധയിടങ്ങളിലായി സൂക്ഷിച്ചിരുന്ന അന്‍പതില്‍ അധികം കുപ്പി മദ്യവും പോലീസ് പിടിച്ചെടുത്തു.

ലോക്ക്ഡൗണ്‍ കാലത്തും ബീവറേജ് അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലുമാണ് ഇവരുടെ മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ കാലത്ത് പൈന്റിന് 900 രൂപയും ഫുള്ളിന് 2000 രൂപയുമാണ് ഇയാള്‍ ഈടാക്കിയിരുന്നത്. മദ്യം വാങ്ങാന്‍ പോകാനും മറ്റും ഉപയോഗിച്ചിരുന്ന ഓട്ടോയില്‍ മദ്യപന്മാര്‍ക്ക് സഞ്ചരിച്ച് മദ്യപിക്കാനുള്ള അവസരം ഇവര്‍ നല്‍കിയിരുന്നു.

രണ്ടു വര്‍ഷമായി കച്ചവടം നടത്തിയിരുന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മദ്യവും ടച്ചിംഗ്സും ഓട്ടോയില്‍ കരുതിയിരിക്കുമെന്നും പിടിയിലായത് സഞ്ചരിക്കുന്ന ‘ഓട്ടോ ബാര്‍’ ആയിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

Exit mobile version