കൂടുതല്‍ നേരവും ചെലവഴിച്ചിരുന്ന മൃഗശാലയിലെ ഓഫീസിന് മുന്നില്‍ അവസാനമായി ഹർഷാദെത്തി, ജീവനറ്റ ശരീരമായി, വിട ചൊല്ലി സഹപ്രവര്‍ത്തകര്‍

തിരുവനന്തപുരം: എന്നും വരുമായിരുന്ന മൃഗശാലയിലേക്ക് ഹര്‍ഷാദെത്തി, ജീവനറ്റ ശരീരമായി. മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റു മരിച്ച അനിമല്‍ കീപ്പര്‍ കാട്ടാക്കട സ്വദേശി എ.ഹര്‍ഷാദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് മൂന്നോടെ മ്യൂസിയം വളപ്പിലെ നേപ്പിയര്‍ പാലസിനടുത്തുള്ള ബാന്‍ഡ് സ്റ്റാന്‍ഡിലെത്തിച്ചു.

മന്ത്രി ജി.ആര്‍.അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ രമേശ് ചെന്നിത്തല, വി.കെ.പ്രശാന്ത്, മേയര്‍ ആര്യ രാജേന്ദ്രന്‍, വി.എസ്.ശിവകുമാര്‍ തുടങ്ങി ഒട്ടേറെ പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് ഹര്‍ഷാദ് കൂടുതല്‍ നേരം ചെലവഴിച്ചിരുന്ന മൃഗശാല ഡയറക്ടറുടെ ബംഗ്ലാവിനടുത്തുള്ള മൃഗശാല ഓഫിസിനു മുന്നിലേക്ക് എത്തിച്ചു.

വ്യാഴാഴ്ചയാണ് ഹര്‍ഷാദിന് രാജവെമ്പാലയുടെ കടിയേറ്റത്. സംഭവത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണി മൃഗശാല ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഉഗ്രവിഷമുള്ള പാമ്പുകളുടെ കൂടു തുറക്കുമ്പോള്‍ സൂപ്പര്‍വൈസറുടെ സാന്നിധ്യത്തില്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂവെന്ന് മൃഗശാല അധികൃതര്‍ നിര്‍ദേശിച്ചു.

അസ്വാഭാവിക മരണത്തിനു കേസെടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. മൃഗശാലയില്‍ 31 അനിമല്‍ കീപ്പര്‍മാര്‍ ഉണ്ടെങ്കിലും രണ്ടു പതിറ്റാണ്ടായി പാമ്പുകളുടെ ആശാന്‍ ഹര്‍ഷാദാണ്. അദ്ദേഹം ഇല്ലാത്ത ദിവസങ്ങളില്‍ മാത്രം താല്‍ക്കാലിക ജീവനക്കാരനായ സനല്‍ പാമ്പുകളുടെ പരിപാലന ചുമതല ഏറ്റെടുക്കും.

ചേര മുതല്‍ അനക്കോണ്ടയും രാജവെമ്പാലയും വരെ സര്‍വ പാമ്പുകളുമുള്ള മൃഗശാലയിലെ ഉരഗ വിഭാഗത്തെ ഒറ്റയ്ക്കു കൈകാര്യം ചെയ്യുകയായിരുന്നു ഹര്‍ഷാദ്. പാമ്പ് പിടുത്തത്തിലും മിടുക്കനെങ്കിലും മൃഗശാലയില്‍ പാമ്പുകളെയൊന്നിനേയും തൊട്ടോ പിടിച്ചോ കൈകാര്യം ചെയ്യേണ്ടതില്ല.

കൂട് വൃത്തിയാക്കാന്‍ ഒരു അറയില്‍ നിന്ന് മറ്റൊന്നിലേക്കു മാറ്റുന്നതു പോലും പ്രത്യേക കമ്പികള്‍ ഉപയോഗിച്ചാണ്. കൈകൊണ്ട് പാമ്പിനെ പിടിച്ചാല്‍ അതിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന പക്ഷക്കാരനായിരുന്നു ഹര്‍ഷാദെന്നു സഹ പ്രവര്‍ത്തകര്‍ പറയുന്നു.

Exit mobile version