ശബ്ദം കേട്ട് ഓടിവന്നപ്പോൾ കണ്ടത് 30 അടിതാഴ്ചയുള്ള കിണറ്റിൽ മുങ്ങിത്താഴുന്ന കുഞ്ഞിനെ; ഒന്നും ആലോചിക്കാതെ എടുത്തുചാടി രക്ഷാപ്രവർത്തനം; ഷിഹാബുദ്ധീന് ഓർക്കാനാകുന്നില്ല ആ ദിനം

പൊൻകുന്നം: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തുള്ള കിണറ്റിൽ വീണ തന്റെ കുഞ്ഞിനെ വാരിയെടുത്ത് രക്ഷാപ്രവർത്തനം നടത്തിയത് ഇപ്പോഴും ഓർത്തെടുക്കാൻ പോലും ശിഹാബുദ്ധീന് കഴിയുന്നില്ല. ധീരമായി പ്രവർത്തിച്ച് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചെങ്കിലും ഉള്ളിലിപ്പോഴും മകൻ മുങ്ങിത്താഴുന്ന ദൃശ്യങ്ങൾ തെളിയുകയാണ്. പൊൻകുന്നത്ത് തുണ്ടിയിൽ വീട്ടിൽ ഷിഹാബുദ്ദീന്റെ ഏകമകനാണ് ഷെഹബാൻ. ഷെഹബാനും സഹോദരിയുടെ മകൻ അബാനും ചെറിയ സൈക്കിളുരുട്ടി മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ സൈക്കിളിൽ നിന്നോ മറ്റോ ഷെഹബാൻ തെറിച്ചു വീണതാകാമെന്നാണ് ഷിഹാബുദ്ദീൻ പറയുന്നത്.

ഷിഹാബുദ്ദീന്റെ മാതാവ് സെലീനയും കുഞ്ഞുങ്ങൾക്ക് അരികിലായി ഉണ്ടായിരുന്നു. സെലീന അടുക്കളയിലേക്കു പോയ സമയത്ത് കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു. ഓടിയെത്തിയ പിതാവ് ഷിഹാബുദ്ദീൻ 30 അടി താഴ്ചയുള്ള കിണറ്റിൽ മുങ്ങിത്താഴുന്ന കുഞ്ഞിനെയാണ് കണ്ടത്. മറ്റൊന്നും ആലോചിക്കാതെ ഈ പിതാവ് കിണറ്റിലേക്ക് എടുത്തു ചാടി കുഞ്ഞിനെ വാരിയെടുത്ത് കൈകളിൽ പൊക്കിപ്പിടിച്ചു. ബഹളം കേട്ടു നാട്ടുകാർ ഓടിക്കൂടി കയർ കെട്ടി ഏണി കിണറ്റിലേക്ക് ഇറക്കിക്കൊടുത്ത് ഇരുവരെയും സാഹസികമായി കരയ്ക്കു കയറ്റി.

കരയ്‌ക്കെത്തിച്ച ഷെഹബാനെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയും നൽകി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ആക്രിക്കച്ചവടം നടത്തുന്ന ഷിഹാബുദ്ദീൻ യൂത്ത് കോൺഗ്രസ് ചിറക്കടവ് മണ്ഡലം ജനറൽ സെക്രട്ടറി കൂടിയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരപ്പോരാളികളിൽ ഒരാൾ കൂടിയാണ് ഷിഹാബുദ്ധീൻ.

Exit mobile version