കോൺഗ്രസ് മുക്ത ഭാരതം പ്രഖ്യാപിച്ചത് മോഡി; നടപ്പാക്കുന്നത് രാഹുൽ ഗാന്ധി; നേതാക്കൾ കോൺഗ്രസ് വിടുന്നത് രാഹുലിന് പ്രശ്‌നമേയല്ല: പിസി ചാക്കോ

ന്യൂഡൽഹി: കോൺഗ്രസിനെ തകർക്കുന്നത് രാഹുൽ ഗാന്ധിയുടെ ഉദാസീന സമീപനമാണെന്ന് രൂക്ഷ വിമർശനവുമായി കോൺഗ്രസ് വിട്ട എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. കോൺഗ്രസ് മുക്ത ഭാരതം പ്രഖ്യാപിച്ചത് മോഡിയാണെങ്കിലും ഉദാസീന സമീപനത്തിലൂടെ രാഹുൽ ഗാന്ധിയാണ് അത് നടപ്പാക്കുന്നതെന്ന് പിസി ചാക്കോ ആഞ്ഞടിച്ചു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സ്ഥിരത എന്ന സവിശേഷത അദ്ദേഹത്തിന് ഇല്ല. ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. കോൺഗ്രസിന്റെ പരമ്പരാഗത ശൈലികളോട് രാഹുൽ ഗാന്ധിക്ക് വലിയ എതിർപ്പാണ്. പക്ഷെ ബദൽ മുന്നോട്ട് വെക്കാനുമില്ല,’ പിസി ചാക്കോ പറഞ്ഞു.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുത്ത് ഭാരതപര്യടനം നടത്തിയാൽ ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും. എന്നാൽ അദ്ദേഹം അതിനു തയ്യാറാവില്ല. ഇത്തരത്തിലുള്ള വിമുഖതയാണ് രാഹുലിന്റെ മുഖമുദ്രയെന്നും പിസി ചാക്കോ പറഞ്ഞു.

താൻ കോൺഗ്രസ് വിടുകയാണെന്ന് മെസേജ് അയച്ചപ്പോൾ അത് താങ്കൾക്ക് വിനാശകരമാവും എന്നുമാത്രമായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. പാർട്ടിയുടെ നാശമാണ് എന്നെ അലട്ടുന്നത് എന്റെ നാശം പ്രശ്‌നമല്ലെന്നും താൻ മറുപടി നൽകി. ആളുകൾ കോൺഗ്രസ് വിട്ടു പോവുന്നത് കോൺഗ്രസിനെ എങ്ങനെ ബാധിക്കുമെന്നത് അദ്ദേഹത്തിന് ഒരു പ്രശ്‌നമേ അല്ലെന്നതിൽ തനിക്കു അത്ഭുതം തോന്നിയെന്നും പിസി ചാക്കോ പറഞ്ഞു.

Exit mobile version