കേന്ദ്രം കേരളത്തിന്റെ അടുത്ത് ട്യൂഷന് ചേർന്നു; ഫീസില്ലാതെ കേരളം ഇനിയും രാജ്യത്തെ നേർവഴി കാണിക്കും; കേന്ദ്രം വാക്‌സിൻ നയം മാറ്റിയതിനെ കുറിച്ച് ഹരീഷ് പേരടി

കേന്ദ്രസർക്കാർ വാക്‌സിൻ നയം പുതുക്കിയതിൽ കേരളത്തിനും പങ്കുണ്ടെന്ന് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. കേന്ദ്രം കേരളത്തിൽ ട്യൂഷന് ചേർന്ന് പഠിച്ചതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാനായതെന്നാണ് ഹരീഷിന്റെ അഭിപ്രായം. ഇത്തരത്തിൽ ഇനിയും കേരളം രാജ്യത്തെ ജനങ്ങളെ നേർവഴി കാണിക്കുമെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

സഖാക്കളെ ഇതാണ് യഥാർത്ഥ വിജയദിനം..കേന്ദ്രം കേരളത്തിന്റെ അടുത്ത് കൂടുതൽ പഠിക്കാൻ വേണ്ടി ട്യൂഷന് ചേർന്നു…നീതിയും സത്യവും സുപ്രിം കോടതിയും ഉറക്കെ പറഞ്ഞു..അങ്ങിനെ കേന്ദ്രം വാക്‌സിൻ സൗജന്യമാക്കാൻ തീരുമാനിച്ചു…ട്യൂഷൻ ഫീസില്ലാതെ കേരളം ഇനിയും രാജ്യത്തെ ജനങ്ങളെ നേർവഴി കാണിക്കും…മുന്ന് വർഷത്തിനപ്പുറം കേരളം രാജ്യത്തിന് ഒരു പ്രധാനമന്ത്രിയെ കൊടുക്കും എന്ന് എനിക്കുറപ്പുണ്ട്…ലാൽസലാം.”- ഹരീഷ് കുറിച്ചതിങ്ങനെ.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി 18 വയസിന് മുകളിലുള്ളവർക്ക് കേന്ദ്ര സർക്കാർ സൗജന്യമായി വാക്‌സിൻ നൽകുമെന്ന് അറിയിച്ചത്. ജൂൺ 21 മുതൽ വാക്‌സിൻ വിതരണം ആരംഭിക്കും. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വാക്‌സിനുകളും വിദേശത്ത് നിന്ന് ഉൾപ്പെടെയുള്ളവയും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി അനുവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു. വാക്‌സിനുകൾ കേന്ദ്രം കമ്പനികളിൽ നിന്നും വാങ്ങി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വാക്‌സിൻ വില സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം. സ്വകാര്യ ആശുപത്രികൾക്ക് പണംവാങ്ങി വാക്‌സിൻ നൽകുന്നത് തുടരാം. 25 ശതമാനം വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് നൽകും. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ഈടാക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

Exit mobile version