കുഴൽപ്പണ കേസിൽ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; കള്ളപ്പണത്തിന് മണ്ണൊരുക്കിയത് കോൺഗ്രസ്, പ്രോത്സാഹിപ്പിച്ചത് ബിജെപി: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊടകര കള്ളപ്പണ കേസിൽ അന്വേഷണം ഗൗരവമായ രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണത്തിന്റെ ഒഴുക്കിന് കേരളത്തിൽ മണ്ണൊരുക്കിയത് കോൺഗ്രസാണെന്നും അത് പ്രോത്സാഹിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണ് ബിജെപിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.

കള്ളപ്പണത്തിന്റെ വളർച്ച തടയുകയും നികുതി സംവിധാനം ശാക്തീകരിക്കുകയും അതുവഴി പൊതുഖജനാവിലെത്തുന്ന പണം പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും ചെയ്യണം എന്നതാണ് ഇടതുപക്ഷ മുന്നണിയുടെ ശക്തമായ നിലപാട്. ഈ കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടക്കുന്നത്. നടക്കാൻ പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നതെന്നും അതിനെതിരെയുള്ള ശക്തമായ നടപടിയുമായാണ് പോലീസ് നീങ്ങുന്നത്.

അതിന്റെ ഭാഗമായാണ് എസ്‌ഐടി അന്വേഷണം നടത്തുന്നത്. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ലെന്ന വിധത്തിലാണ് അന്വേഷണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കോൺഗ്രസും ബിജെപിയും ഒരു പോലെ കുഴൽപ്പണ ഒഴുക്കിനെ പ്രോത്സാഹിപ്പിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വ്യാജവാർത്തകൾ സൃഷ്ടിക്കൽ, അന്വേഷണം വഴിതിരിച്ചുവിടൽ, രാഷ്ട്രീയ പ്രതിയോഗികളെ തേജോവധം ചെയ്യൽ എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജൻസികൾ നടത്തിയ പ്രൊഫഷണലിസമില്ലാത്ത അന്വേഷണത്തെ ന്യായീകരിച്ചു നടന്ന കോൺഗ്രസും ബിജെപിയും സൃഷ്ടിച്ച പുകമുറയ്ക്കു പിന്നിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആഭിമുഖ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് നടന്ന സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്ത പണത്തിന്റെ ഒഴുക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ഇതെല്ലാം തിരിച്ചറിയുകയും വ്യാജപ്രചരണങ്ങളെ തള്ളിക്കളയുകയും ചെയ്തുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ്. സ്വാതന്ത്രലബ്ധിക്കു ശേഷമുള്ള ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥയ്ക്കു മേൽ വൻതോതിലുള്ള അഴിമതി പരത്തിയ കരിനിഴലും കള്ളപ്പണം നമ്മുടെ സാമ്പത്തിക അസമത്വങ്ങളെ വർധിപ്പിക്കുന്നതും തുറന്നുകാട്ടാൻ നിരന്തരം സമരങ്ങളിൽ ഏർപ്പെട്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. കള്ളപ്പണത്തിന്റെ വളർച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ കോൺഗ്രസും അതിനെ പൂർവാധികം ശക്തിയായി പ്രോത്സാഹിപ്പിക്കുന്ന ബിജെപിയും ഒന്നിച്ചാണ് കേരളത്തിൽ ഇടതുപക്ഷപ്രസ്ഥാനങ്ങളെ താറടിക്കാൻ ശ്രമിക്കുന്നത് എന്നത് കേവലം യാദൃശ്ചികമല്ല- മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version