ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് നിലപാട്, അതിനോട് സഭ്യമല്ലാതെ ആര് പ്രതികരിച്ചാലും അംഗീകരിക്കില്ല; ജനം ടിവിയെ തള്ളി ചെയർമാൻ പ്രയദർശൻ

priyadarshan-and-prthvi_

കൊച്ചി: പൃഥ്വിരാജിന് പിന്തുണച്ചും താൻ ചെയർമാനായിരിക്കുന്ന ജനം ടിവിയുടെ സഭ്യമല്ലാത്ത പ്രതികരണത്തെ തള്ളിക്കളഞ്ഞും സംവിധായകൻ പ്രിയദർശൻ രംഗത്ത്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണെന്നും ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം ഇത്തരം തുറന്നുപറച്ചിലിനുള്ള സ്വാതന്ത്ര്യമാണെന്നും വിയോജിപ്പുണ്ടെന്ന് കരുതി സഭ്യത വിട്ട് പ്രതികരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രിയദർശൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

തീർച്ചയായും പൃഥ്വിരാജിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രിയദർശൻ കുറിച്ചു. സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്, താൻ ആ സംസ്‌കാരത്തോട് ഒപ്പമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

‘സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്, ഞാൻ ആ സംസ്‌കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.’– പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു.

Exit mobile version