യാത്രയയപ്പിന് ബിരിയാണി നൽകാമെന്ന് കുട്ടികൾക്ക് വാക്കുനൽകി; കോവിഡ് എല്ലാം തകിടം മറിച്ചിട്ടും വാക്ക് മാറ്റാതെ ജെംസി ടീച്ചർ; എല്ലാ വിദ്യാർത്ഥികളുടെ വീട്ടിലും ചിക്കനെത്തിച്ചു

biriyani of jemsi teacher

ആലുവ: താൻ വിരമിക്കുന്ന ദിവസം എല്ലാ വിദ്യാർത്ഥികൾക്കും ചിക്കൻ ബിരിയാണി നൽകുമെന്ന് വാക്ക് നൽകിയ ജെംസി ടീച്ചറെ കോവിഡും ലോക്ക്ഡൗണും വലച്ചെങ്കിലും ടീച്ചർ പിന്മാറിയില്ല. ബിരിയാണി വെയ്ക്കാനുള്ള ചിക്കൻ എല്ലാ വിദ്യാർത്ഥികളുടേയും വീടുകളിൽ എത്തിച്ചാണ് ആലുവയിലെ ജെംസി ജോസഫ് എന്ന ഈ അധ്യാപിക വാക്കുപാലിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് ഒരു മാതൃകയായത്.

എല്ലാ കുട്ടികൾക്കും വീട്ടിൽ ബിരിയാണി വയ്ക്കാൻ കോഴിയിറച്ചി നൽകിയാണ് ടീച്ചർ തന്റെ വാക്ക് നിറവേറ്റിയത്. ഇത്രയധികം വീടുകളിൽ ബിരിയാണി എത്തിക്കൽ പ്രയാസമായതിനാലാണ് ടീച്ചർ ചിക്കനെത്തിച്ചത്. ആലുവ സെന്റ് മേരീസ് എൽപി സ്‌കൂൾ ഹെഡ്മിസ്ട്രസായ ജെംസി ജോസഫ് ഈ മാസം വിരമിക്കുകയാണ്.

കഴിഞ്ഞ ശിശുദിനത്തിൽ സ്‌കൂളിലെത്തിയ കുറെ കുട്ടികൾക്ക് ചിക്കൻ വിളമ്പവേയാണ് ജെംസി താൻ വിരമിക്കുമ്പോൾ കുട്ടികൾക്കെല്ലാം ബിരിയാണി നൽകുമെന്ന് ഉറപ്പു നൽകിയത്. വിരമിക്കാൻ 6 മാസം കൂടി അപ്പോൾ ബാക്കിയുണ്ടായിരുന്നു. കാര്യം ടീച്ചർ മറന്നാലോ എന്നു കരുതി കുട്ടികൾ ഇടയ്ക്കിടെ ബിരിയാണിക്കാര്യം ഓർമിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഒടുവിൽ ടീച്ചർ വിരമിക്കേണ്ട സമയമായപ്പോൾ ലോക്ക്ഡൗൺ എല്ലാം പ്രതിസന്ധിയിലാക്കി. കുട്ടികൾക്ക് സ്‌കൂളിൽ വരാനാവാത്ത അവസ്ഥയുമായി. ധർമസങ്കടത്തിലായ ടീച്ചർക്ക് ഒടുവിൽ ഏറെ ആലോചിച്ച ശേഷമാണ് സ്‌കൂളിലെ 150 കുട്ടികൾക്കും കോഴിയിറച്ചി നൽകുകയെന്ന ആശയത്തിലെത്തിയത്. ബിരിയാണി കുട്ടികൾക്ക് വീടുകളിൽ വെച്ച് ആഘോഷിക്കാലോ.

വിദ്യാർത്ഥികൾക്കു സർക്കാർ നൽകുന്ന പലവ്യഞ്ജന കിറ്റിന്റെ വിതരണം ഇന്നലെ സ്‌കൂളിൽ നടന്നിരുന്നു. അതിനൊപ്പമാണ് ടീച്ചറുടെ സമ്മാനമായി ചിക്കൻ പാക്കറ്റും ഉണ്ടായിരുന്നത്. ഒരു കുട്ടിക്ക് ഒരെണ്ണം വീതം. മൂന്നു കുട്ടികൾ വീതം പഠിക്കുന്ന 5 വീടുകളിലേക്ക് 3 പാക്കറ്റു വീതവും നൽകി. വിതരണത്തിൽ ടീച്ചർക്കു വലംകയ്യായി വാർഡ് കൗൺസിലർ പിഎസ് പ്രീതയും ഉണ്ടായിരുന്നു. രക്ഷിതാക്കളാണു കിറ്റ് വാങ്ങാൻ വന്നത് എന്നതിനാൽ കുട്ടികളെ കാണാൻ കഴിഞ്ഞില്ലെന്ന സങ്കടം മാത്രമാണ് ടീച്ചർക്ക് ബാക്കിയായത്.

Exit mobile version