മേയ് 30 വരെ ലോക്ക്ഡൗൺ നീട്ടി; മലപ്പുറം ഒഴികെ മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ നീക്കും; മലപ്പുറത്ത് ഐജിയുടെ നേതൃത്വത്തിൽ പോലീസിന്റെ കർശന നിയന്ത്രണം

lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടി സർക്കാർ തീരുമാനമായി. ട്രിപ്പിൾ ലോക്ക്ഡൗൺ മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ നാളെ രാവിലെ മുതൽ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ കാരണം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് ഉണ്ടാകാതെ വന്നതോടെയാണ് ജില്ലയിൽ മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ കൊണ്ട് രോഗവ്യാപനം കുറഞ്ഞില്ല. അത് പ്രത്യേകം പരിശോധിക്കുകയുണ്ടായി. അവിടെ കൂടുതല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതായുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലേത് സവിശേഷ സാഹചര്യമാണെന്നും പോലീസ് കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐജി ജില്ലയിലെ സ്ഥിതി നിരീക്ഷിക്കുകയും നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും. എഡിജിപി (ലോ ആന്‍ഡ് ഓര്‍ഡര്‍) മലപ്പുറത്ത് പോയി കാര്യങ്ങള്‍ അവലോകനം ചെയ്യും.

ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ മറ്റ് ജില്ലകളിൽ സ്ഥിതി സാധാരണനിലയിലേക്ക് എത്തുകയും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് വരികയും ചെയ്തു. ഇതോടെയാണ് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ തന്നെ നീക്കം ചെയ്യാൻ ധാരണയായത്.

Exit mobile version