ഏഴ് ദിവസത്തിനിടെ ഡോക്ടർ വന്ന് എത്തിനോക്കി പോയത് ഒരു തവണമാത്രം; പക്ഷെ ബില്ല് 1.77 ലക്ഷം; ഒരു പരിചരണവും നൽകാതെ വയോധിക ദമ്പതികളെ കൊള്ളയടിച്ച് കൊല്ലത്തെ ആശുപത്രി

money

കൊല്ലം: കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികരായ ദമ്പതികൾക്ക് ഭീമമായ ബില്ല് നൽകി ഞെട്ടിച്ച് സ്വകാര്യ ആശുപത്രിയുടെ ക്രൂരത. കാര്യമായ പരിചരണങ്ങളോ ഡോക്ടറുടെ സേവനമോ ഉറപ്പ് നൽകാതെ വയോധിക ദമ്പതികളെ ഏഴുദിവസം ആശുപത്രിയിൽ കിടത്തിയതിന് റൂം വാടക ഇനത്തിൽ മാത്രം ഈടാക്കിയത് 87000 രൂപ. കൊല്ലം നഗരിത്തിടുത്ത സ്വകാര്യ ആശുപത്രിയിൽ കിടന്ന വയോധിക ദമ്പതികളോടാണ് ഈ ക്രൂരത.

കിഴക്കേപ്പുറം പുതുവൽ സ്വദേശികളായ 80നു മുകളിൽ പ്രായമുള്ളവർക്കാണ് സ്വകാര്യ ആശുപത്രി ഞെട്ടിക്കുന്ന ബില്ല് നൽകിയത്. റൂം വാടക അടക്കം ഇരുവർക്കും 1.77 ലക്ഷം രൂപയാണ് (177963) നൽകേണ്ടി വന്നത്. ഭക്ഷണത്തിന്റെ ചെലവും ഡിസ്ചാർജ് സമയത്തെ മരുന്നിന്റെ നിരക്കും പുറമെ നൽകേണ്ടിവന്നു.

മേയ് മൂന്നിന് രാത്രിയോടെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഒരേ റൂമിലേക്ക് മാറ്റിയ ഇരുവർക്കും ബെഡ് ഒന്നിന് 5000 വീതം 10000 രൂപയാണ് ദിവസവും ഈടാക്കിയത്. റൂമിൽ കിടത്തിയിട്ടും വേണ്ടത്ര പരിചരണം ഇവർക്ക് നൽകാനും ആശുപത്രി അധികൃതർ തയ്യാറായില്ല. ഒരു ദിവസം ഡോക്ടർ വന്ന് പുറത്തുനിന്ന് നോക്കിയതൊഴിച്ചാൽ മറ്റൊരു ശുശ്രൂഷയും ചെയ്തില്ല. പക്ഷെ, ഡോക്ടറുടെ സന്ദർശനത്തിന്റെ പേരിൽ 15000 രൂപയാണ് ഈടാക്കിയത്. കൂടാതെ ഡ്യൂട്ടി ഡോക്ടർ 10000, നഴ്‌സ് 20000, യൂട്ടിലിറ്റി നിരക്ക് 6000 എന്നിങ്ങനെ നീളുന്നു നിരക്കുകൾ. ലിവർ, കിഡ്‌നി ഫങ്ഷൻ ടെസ്റ്റ് ഉൾപ്പടെ ദിവസം ചെയ്തതിന്റെ പേരിൽ ആറു ദിവസം 20320 രൂപയായി. 2000 രൂപയിൽ താഴെ മാത്രമാണ് മരുന്നിന് ചെലവായത്.

ഇതേ ആശുപത്രിയിൽ മൂന്നുദിവസം ചികിത്സ തേടിയ ദമ്പതികളുടെ മകനിൽനിന്ന് 46750 രൂപയാണ് ഈടാക്കിയത്. രണ്ട് ദിവസത്തെ റൂം വാടകയായി 33500 രൂപ ഈടാക്കിയാണ് ആശുപത്രി കഴുത്തറപ്പൻ ബില്ലിട്ടത്.

Exit mobile version