കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രം കെആർ ഗൗരിയമ്മ വിടവാങ്ങി

gowri-amma

തിരുവനന്തപുരം: വിപ്ലവ നായിക ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ്മ. കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രം കെആർ ഗൗരിയമ്മ(101) അന്തരിച്ചു. കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അവശതകളോടും മരണത്തോടും പോരാടിയാണ് ഒടുവിൽ ഗൗരിയമ്മ വിടവാങ്ങിയിരിക്കുന്നത്. ഒരുനൂറ്റാണ്ടു പിന്നിട്ട കമ്മ്യൂണിസ്റ്റ് ഇതിഹാസമെന്ന് ‘കുഞ്ഞമ്മ’ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഗൗരിയമ്മയെ വിശേഷിപ്പിക്കാം.

ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്നു. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ തന്നെ നിഷേധിക്കാനാവാത്ത സാന്നിധ്യമായിരുന്നു ഈ ധീരവനിത. ഇച്ഛാശക്തി കൊണ്ട് മറ്റ് സ്ത്രീകൾക്ക് മാതൃകയായ കെആർ ഗൗരിയമ്മയുടെ ആജ്ഞശക്തിയും ഭരണവൈഭവവും എക്കാലത്തും ഓർമ്മിക്കപ്പെടും.

ആദ്യ മന്ത്രിസഭയിൽ റവന്യു മന്ത്രിയായിരുന്നു ഗൗരിയമ്മ. കേരളത്തിന്റ ഭാവി ഗതിയെ നിർണ്ണയിച്ച ഭൂപരിഷ്‌കരണം നിയമസഭയിൽ അവതരിപ്പിച്ചത് ഗൗരിയമ്മയായിരുന്നു. ഐതിഹാസികമായ ഭൂപരിഷ്‌കരണ ബിൽ അവതരിപ്പിച്ച് ജന്മിത്തത്തിന്റെ വേരറുത്ത വിപ്ലവ നായികയെന്ന് ചരിത്രത്താളുകളിൽ അവരെ വിശേഷിപ്പിക്കാം.

ചേര്‍ത്തലയ്ക്ക് അടുത്തുള്ള അന്ധകാരനഴി കളത്തിപ്പറമ്പില്‍ കെഎ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14ന് കെആര്‍ ഗൗരി ജനിച്ചു.

എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ഗൗരിയമ്മ സഹോദരന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1954ല്‍ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

1952-53, 1954-56 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. (അഞ്ചാം നിയമസഭ ഒഴികെ).1957,1967,1980,1987 വര്‍ഷങ്ങളില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001ലെ എകെ ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു.

ചേർത്തലയിൽ നിന്ന് ജയിച്ച് തുടങ്ങിയ ഗൗരിയമ്മ പിന്നീട് തട്ടകം അരൂരിലേക്ക് മാറ്റി. ഒരുതവണ ഒഴികെ 2011 വരെ അരൂരിന്റെ സ്ഥിരം പ്രതിനിധി. അഞ്ച് തവണ മന്ത്രി. ഇടതുമുന്നണി സർക്കാരിലും പിന്നീട് ഐക്യമുന്നണി സർക്കാരിലും മന്ത്രിയായി.

1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1957ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന ടിവി തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേര്‍ന്നു. പാര്‍ട്ടിയുടെ പിളര്‍പ്പ് ഇവരുടെ വിവാഹ ബന്ധത്തിലും പ്രതിഫലിച്ചു. 1994ല്‍ സിപിഎമ്മില്‍ നിന്നും ഗൗരിയമ്മ പുറത്തുപോന്നു. അങ്ങനെ ജെഎസ്എസ് (ജനാധിപത്യ സംരക്ഷണ സമിതി) എന്ന ഗൗരിയമ്മയുടെ സ്വന്തം പാര്‍ട്ടി പിറന്നു.

ആത്മകഥ (കെആര്‍ ഗൗരിയമ്മ) എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

Exit mobile version