അടച്ചിട്ട മദ്യശാലകൾ നോക്കി നിരാശരാകേണ്ട; ബെവ്‌കോ വഴി മദ്യം ഇനി വീട്ടുപടിക്കൽ എത്തും; ഹോം ഡെലിവറി അടുത്തയാഴ്ച മുതൽ

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ പരമാവധി തടയുന്നതിന്റെ ഭാഗമായി ബെവ്‌കോ ഹോം ഡെലിവറിക്ക് തുടക്കമാകുന്നു. അടുത്തയാഴ്ച മുതലാണ് മദ്യം വീട്ടുപടിക്കലേക്ക് എത്തുകയെന്നാണ് സൂചന. ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. തുടർന്നായിരിക്കും മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുക. ആദ്യഘട്ടത്തിൽ മദ്യം പ്രീമിയം ബ്രാൻഡുകൾ മാത്രമായിരിക്കും ഹോം ഡെലിവറിയിൽ ഉൾപ്പെടുത്തുക. ഹോം ഡെലവറിക്ക് പ്രത്യേക സർവീസ് ചാർജും ഉണ്ടായിരിക്കും. എത്ര രൂപ എന്ന കാര്യം ഇതിന്റെ ചെലവു കൂടി കണക്കാക്കിയായിരിക്കും തീരുമാനിക്കുക.

വിഷയത്തെ സംബന്ധിച്ച് വിശദ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിനു കൈമാറിയേക്കും. കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകൾ ബിവറേജസ് കോർപറേഷൻ പരിശോധിച്ചത്. ആവശ്യക്കാർക്ക് മദ്യം ബെവ്‌കോ തന്നെ വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.

എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കുന്ന ആദ്യഘട്ടത്തിന് ശേഷമായിരിക്കും മാറ്റങ്ങൾ വേണോയെന്നുള്ള തീരുമാനം. സാധ്യതകൾ പഠിച്ച് റിപ്പോർട്ട് നൽകാനായി ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം സർക്കാരിനു ശുപാർശ നൽകും.

അതേസമയം, ഒട്ടേറെ പരാതികൾ ഉയർത്തിയ ബെവ്ക്യൂ ആപ്പ് തിരിച്ചുകൊണ്ടു വരേണ്ടെന്നാണ് നിലവിലെ തീരുമാനം. ഹോം ഡെലിവറി വന്നാൽ ബെവ്ക്യൂവിനു സമാനമായ ആപ്പ് കൊണ്ടു വന്നേക്കും. ലോക്ക്ഡൗൺ കാലത്ത് തൊട്ട് മദ്യം ഹോം ഡെലിവറി നടത്താനുള്ള ആലോചനയുണ്ടായിരുന്നു.

Exit mobile version