നടത്തിയ രണ്ട് ഹര്‍ത്താലും തെറ്റായിരുന്നില്ല; എല്ലാ നേതാക്കളുമായും ആലോചിച്ചാണു തീരുമാനമെടുത്തതെന്നും ശ്രീധരന്‍ പിള്ള

ബിജെപി കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഹര്‍ത്താലിനെ ന്യായീകരിച്ച് രംഗത്ത്.

തിരുവനന്തപുരം: രണ്ടു മാസത്തിനിടെ ആറ് ഹര്‍ത്താലുകള്‍നടത്തി റെക്കോര്‍ഡിട്ട ബിജെപി കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഹര്‍ത്താലിനെ ന്യായീകരിച്ച് രംഗത്ത്. ബിജെപി സമരപ്പന്തലിനു മുന്നില്‍ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താല്‍ തെറ്റായ തീരുമാനമായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എല്ലാ നേതാക്കളുമായും ആലോചിച്ചാണു തീരുമാനമെടുത്തത്. ബിജെപി നടത്തിയ രണ്ടു ഹര്‍ത്താലുകളും തെറ്റാണെന്ന വിലയിരുത്തലില്ല. ചിലര്‍ ബിജെപിക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സമരപന്തലിനു മുന്നില്‍ തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്തുവെന്നു വാര്‍ത്താക്കുറിപ്പിറക്കാന്‍ പോലീസിന് എന്തവകാശമാണുള്ളതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. ശബരിമല സംഭവവുമായി ബന്ധമില്ല എന്ന് പ്രസ്താവനയിറക്കിയതിലൂടെ കമ്മിഷണര്‍ സിപിഎമ്മിന്റെ കൂലിപ്പണിക്കാരനായി. വേണുഗോപാലന്‍ നായര്‍ ബിജെപി നേതാവ് സികെ പദ്മനാഭനോട് പറഞ്ഞതാണു മരണമൊഴി. എന്നാല്‍ സികെ പദ്മനാഭന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയാറായില്ല. വേണുഗോപാലന്‍ നായരുടെ കുടുംബം കേസ് കൊടുക്കാന്‍ പോകുകയാണെന്നും ജീവതനൈരാശ്യം മൂലം ആത്മഹത്യ ചെയ്തുവെന്നു പറഞ്ഞവര്‍ കോടതികയറേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Exit mobile version