ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണം! താന്‍ പറഞ്ഞത് അബദ്ധവാക്കോ, പിഴവോ അല്ലെന്ന് പിസി ജോര്‍ജ്; വിമര്‍ശിച്ച് അങ്കമാലി അതിരൂപത

കൊച്ചി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന വിദ്വേഷ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ വിമര്‍ശനവുമായി എറണാകുളം സീറോ മലബാര്‍ സഭ-അങ്കമാലി അതിരൂപത. സഭയുടെ മുഖപത്രമായ സത്യദീപത്തിലെഴുതിയ ചുവടുതെറ്റുന്ന മതേതര കേരളം എന്ന എഡിറ്റോറിയലിലാണ് പിസി ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ചത്.

വൈറല്‍ ഡാന്‍സിലൂടെ ശ്രദ്ധ നേടിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികളായ ജാനകിയേയും നവീനിനെയും അഭിനന്ദിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. അതിനുപിന്നാലെ വന്ന വിദ്വേഷ പ്രചരണങ്ങള്‍ ഒരു തരം സാമൂഹിക രോഗമാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

‘മതതീവ്രവാദത്തിന്റെ വില്പന മൂല്യത്തെ ആദ്യം തിരിച്ചറിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്. കാലാകാലങ്ങളില്‍ അതിന്റെ തീവ്ര മൃദുഭാവങ്ങളെ സമര്‍ത്ഥമായി സംയോജിപ്പിച്ചു തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ജനകീയ അടിത്തറയെ വിപുലീകരിച്ചതും, വോട്ട് ബാങ്കുറപ്പിച്ചതും.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിര്‍വ്വികാരമാക്കുന്നതും നാം കണ്ടു. അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന മട്ടില്‍ രണ്ട് തട്ടിലായി പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തന നയരേഖ!

തീവ്ര നിലപാടുകളുടെ ഇത്തരം വൈതാരിക വേഷങ്ങളെ തുറന്നു കാട്ടുന്നതില്‍ പ്രീണനത്തിന്റെ ഈ പ്രതിനായകര്‍ രാഷ്ട്രീയമായി നിരന്തരം പരാജയപ്പെടുമ്പോള്‍ തോറ്റുപോകുന്നത് മതേതര കേരളം മാത്രമാണ്.

ഏറ്റവുമൊടുവില്‍ ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ ഉടന്‍ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് പരസ്യമായി ഒരു നേതാവ് പറയത്തക്ക വിധമുള്ള സാഹചര്യമായിരിക്കുന്നു’ എന്നും സത്യദീപത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. പിസി ജോര്‍ജിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് താന്‍ പറഞ്ഞത് അബദ്ധവാക്കോ, തനിക്ക് സംഭവിച്ച ഒരു പിഴവോ അല്ലെന്ന് പിസി ജോര്‍ജ് വിശദീകരണവും നല്‍കിയിരുന്നു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയുടെ വീഡിയോ പങ്കുവെച്ചാണ് പിസി ജോര്‍ജിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് പിസി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്.

Exit mobile version