രണ്ട് മാസത്തിനുള്ളിൽ കോവിഡ് വാക്‌സിന്റെ ഗുണം കേരളത്തിൽ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി; തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി വെയ്ക്കാനാകില്ല: കെകെ ശൈലജ

കണ്ണൂർ: കേരളത്തിൽ രണ്ട് മാസം കൊണ്ട് കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആൾക്കൂട്ടമുണ്ടെങ്കിലും മാസ്‌ക് വച്ച് മാനണ്ഡങ്ങളെല്ലാം പാലിച്ചാണ് എൽഡിഎഫിന്റെ പ്രചാരണമെന്നും കോവിഡ് ഉള്ളത് കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നിർത്തി വയ്ക്കാനാകില്ലെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.

അരി വിതരണത്തിനെതിരെ പ്രതിപക്ഷനേതാവ് കോടതിയിൽ പോയതിനേയും മന്ത്രി രൂക്ഷ ഭാഷയിൽ വിമർശിച്ചു. അരി വിതരണം നിർത്തിവെപ്പിച്ചത് ജനങ്ങളോടുള്ള അപരാധമാണെന്ന് പറഞ്ഞ മന്ത്രി തെരഞ്ഞെടുപ്പ് വന്നാൽ റേഷൻ കട തുറക്കരുത് എന്ന് പറയും പോലെയാണിതെന്ന് കുറ്റപ്പെടുത്തി.

പ്രചാരണ തിരക്കിലായിരുന്നതിനാൽ ജോയ്‌സ് ജോർജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം എന്തെന്ന് അറിയില്ലെന്നും കെകെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. സർവേ ഫലങ്ങളിൽ മുഖ്യമന്ത്രിക്ക് ശേഷം എറ്റവും ജനപ്രീതിയുള്ള നേതാവാണല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ എൽഡിഎഫിനാണ് ജനപിന്തുണയെന്നും ശൈലജ ടീച്ചർ എന്ന വ്യക്തി അതിന് മുന്നിൽ ഒന്നുമല്ലെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

Exit mobile version