കേരളത്തിൽ 90 ശതമാനം ആളുകളും സാക്ഷരരായത് കൊണ്ടാണ് ബിജെപിക്ക് വോട്ട് കിട്ടാത്തതെന്ന് ഒ രാജഗോപാൽ പറഞ്ഞത് സത്യം: കെട്ടിവെച്ച കാശ് കിട്ടുന്നത് തന്നെ നേട്ടം: പി സായ്‌നാഥ്

sainath

കൊച്ചി: കേരളത്തിൽ ബിജെപി മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ഭീഷണിയേയല്ലെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്. കേരളത്തിൽ ബിജെപിക്ക് ഉണ്ടാകുന്ന നേട്ടമെന്നത് അവർക്കെത്ര സീറ്റുകളിൽ കെട്ടിവെച്ച കാശ് നഷ്ടപ്പെടാതെ കാക്കാൻ പറ്റും എന്നതാണെന്നും അദ്ദേഹം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേരളത്തിലെ 90 ശതമാനം ആളുകളും സാക്ഷരരായത് കൊണ്ടാണ് ബിജെപിക്ക് വോട്ട് കിട്ടാത്തതെന്നതിനെ സംബന്ധിച്ച് ഒ രാജഗോപാൽ നടത്തിയ സാക്ഷരത പരാമർശം ശരിയാണെന്നും സായ്‌നാഥ് പറഞ്ഞു. ആ നിരീക്ഷണത്തെ താൻ അംഗീകരിക്കുന്നെന്ന് സായ്‌നാഥ്, കേരളത്തിൽ കാര്യമായി ബിജെപിയില്ല. കേരളത്തിൽ ബിജെപി ഒരു ഭീഷണിയേയല്ല. കേരളത്തിൽ അവർക്കുണ്ടാകാൻ പോകുന്ന നേട്ടമെന്നത് അവർക്കെത്ര സീറ്റുകളിൽ കെട്ടിവെച്ച കാശ് നഷ്ടപ്പെടാതെ കാക്കാൻ പറ്റും എന്നതാണെന്നും പറഞ്ഞു.

ബിജെപി കേരളത്തിൽ ഒരു എതിരാളി പോലുമല്ല. കേരളീയ ജനതയ്ക്ക് ബിജെപിയിൽ ഒരിക്കലും താത്പര്യമുണ്ടായിട്ടില്ല. പക്ഷെ അവർ ചില പുതിയ വിഷയങ്ങൾ ഈ സമയത്ത് ഉന്നയിക്കുന്നുണ്ട്. ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ബിജപി വിരുദ്ധ വികാരം ദക്ഷിണേന്ത്യയിൽ വളരെ കൂടുതലാണ്. കർണാടകത്തെ മാറ്റിനിർത്തിയാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആർഎസ്എസ് അടിത്തറയുള്ള സംസ്ഥാനം കേരളമായിരുന്നു. എന്നാൽ അതിനപ്പുറം ബിജെപിക്ക് വോട്ട് ചെയ്യുന്നതിലേക്ക് ആ അടിത്തറ വളർന്നിട്ടില്ല. അതെന്ത്‌കൊണ്ട് എന്നതിന് ഏറ്റവും മികച്ച ഉത്തരം നൽകിയത് ബിജെപി നേതാവ് ഒ രാജഗോപാൽ തന്നെയാണ്.

കേരളത്തിലെ 90 ശതമാനം ആളുകൾ സാക്ഷരരായതുകൊണ്ടാണ് കേരളത്തിൽ ബിജെപിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ആ നിരീക്ഷണത്തെ ഞാൻ വളരെയധികം അംഗീകരിക്കുന്നു. പക്ഷെ അദ്ദേഹം പറഞ്ഞതിൽ ചെറിയ തിരുത്തുണ്ട്. കേരളത്തിലെ സാക്ഷരത 90 ശതമാനത്തിലധികമാണ്- സായ്‌നാഥ് വിശദീകരിച്ചു.

നേരത്തെ, കേരളത്തിൽ ബിജെപിക്ക് സ്വാധീനം ലഭിക്കാത്തത് വിദ്യാസമ്പന്നരായ ജനങ്ങൾ ഉള്ളത് കൊണ്ടാണെന്നാണ് രാജഗോപാൽ കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Exit mobile version