തെരഞ്ഞെടുപ്പ് ഉടനെ നടത്താമെന്ന് പറഞ്ഞ് പത്ത് മിനിറ്റിനകം മലക്കം മറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ

കൊച്ചി: കേരളത്തിലെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്താമെന്ന് പറഞ്ഞ് മിനിറ്റുകൾക്കകം നിലപാട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നുമാണ് കമ്മീഷൻ ഹൈക്കോടതിയിൽ പറഞ്ഞത്.

നിയമസഭയുടെ കാലാവധി കഴിയും മുമ്പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഹൈക്കോടതിയെ വാക്കാൽ അറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഏത് തീയതിയിൽ നടത്തുമെന്ന് പറഞ്ഞിരുന്നില്ല. അക്കാര്യം കോടതി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് കേസ് ഏഴാം തീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ല എന്ന് കമ്മീഷൻ മിനിറ്റുകൾക്കകം കോടതിയെ അറിയിച്ചത്.

നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെയ്ക്കുകയായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎം നേതാവ് എസ് ശർമയും സർക്കാരിനു വേണ്ടി നിയമസഭാ സ്പീക്കറുമാണ് ഹർജികളുമായി കോടതിയെ സമീപിച്ചത്.

മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്ന 21ന് മുൻപ് തന്നെ അടുത്ത തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തുടർന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് രേഖാമൂലമുള്ള വിശദീകരണം തേടി.

Exit mobile version