പണി പൂർത്തിയാക്കി ബില്ലുകൾ നൽകിയിട്ടും കൃഷി ഓഫീസർ പണം നൽകിയില്ല; മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് കരാറുകാരന്റെ ആത്മഹത്യ ഭീഷണി

തൊടുപുഴ: ദീർഘനാളായി ബില്ല് തടഞ്ഞുവെച്ചിരിക്കുന്നതിൽ മനംനൊന്ത് തൊടുപുഴ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ കരാറുകാരന്റ ആത്മഹത്യ ഭീഷണി. നേരത്തെ തന്നെ പൂർത്തിയാക്കിയ കരാർ ജോലിയുടെ പണം നൽകാത്തതിനെ തുടർന്നാണ് വെള്ളത്തൂവൽ സ്വദേശി സുരേഷ് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.

കൃഷി വകുപ്പുമായി ബന്ധപ്പെട്ട നാലോളം പ്രവർത്തികൾ പൂർത്തിയാക്കിയാണ് സുരേഷ് ബില്ലുകൾ ഓഫീസിൽ സമർപ്പിച്ചത്. എന്നാൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ പണം നൽകാതെ ഈ ബില്ലുകൾ ദീർഘനാളായി തടഞ്ഞുവെക്കുകയായിരുന്നെന്ന് ഇദ്ദേഹം ആരോപിക്കുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ ഇദ്ദേഹം നിലയുറപ്പിക്കുകയായിരുന്നു. കയ്യിൽ ലൈറ്റർ പിടിച്ച ശേഷമായിരുന്നു ഭീഷണി.

പിന്നീട് വിവരമറിഞ്ഞ് എത്തിയ പോലീസും ഫയർ ഫോഴ്‌സും എത്തി ദേഹത്ത് വെള്ളം ഒഴിച്ച ശേഷം ഇദ്ദേഹത്തെ കൃഷി ഓഫീസറുടെ മുറിയിൽ നിന്നും നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട 70 ശതമാനം പണം ഇന്നുതന്നെ കൊടുക്കാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞെങ്കിലും മുഴുവൻ പണവും നൽകണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

മൊത്തം ഒരു കോടി രൂപയാണ് നാല് പ്രവർത്തികളിലായി സുരേഷിന് ലഭിക്കാനുള്ളത്. എട്ട് മാസം മുൻപാണ് പ്രവർത്തികൾ പൂർത്തിയാക്കി ബില്ല് നൽകിയത്. ജില്ലാ കളക്ടർക്ക് ഉൾപ്പടെ പരാതി നൽകിട്ടും നടപടി ഇല്ലാഞ്ഞിട്ടാണ് ഇത്തരമൊരു നടപടിക്ക് തുനിഞ്ഞതെന്നാണ് ഇദ്ദേഹം പറയുന്നത്.

Exit mobile version