ഭക്ഷ്യകിറ്റ്‌ മുടക്കി എന്താണ് നേടിയത്? ഇടതുപക്ഷത്തെ തകർക്കാൻ ജനങ്ങളുടെ ക്ഷേമവും നന്മയും പണയം വയ്ക്കുന്നവരായി പ്രതിപക്ഷം അധപതിച്ചു: മുഖ്യമന്ത്രി

pinarayi_1

കൊച്ചി:ഇടതുപക്ഷത്തിനോടുള്ള വിരോധം കാരണം സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുകയാണ് പ്രതിപക്ഷമെന്നു വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ അതിജീവനത്തെ പിറകോട്ടടിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഇടതുപക്ഷത്തെ തകർക്കാൻ ഈ നാട്ടിലെ ജനങ്ങളുടെ ക്ഷേമവും നന്മയും പണയം വയ്ക്കാൻ തയ്യാറാകുന്ന പരിതാപകരമായ അവസ്ഥയിലോട്ട് അവർ അധ:പ്പതിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കുന്നത്തുനാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി പിവി ശ്രീനിജന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ വിമർശനം ഭക്ഷ്യകിറ്റ്‌ വിതരണം പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്ന് നിർത്തിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണം.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടും ഒറ്റക്കെട്ടായി മറികടന്ന് വികസനത്തിൻ്റെ പാതയിലൂടെ കേരളം മുന്നേറിയ വർഷങ്ങളാണ് കടന്നു പോയത്. എന്നാൽ പ്രതിസന്ധികളുടെ ഒരോ ഘട്ടത്തിലും കേരളത്തിൻ്റെ അതിജീവനത്തെ പിറകോട്ടടിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്തു നിന്നുണ്ടായത്. ഇടതുപക്ഷത്തെ തകർക്കാൻ ഈ നാട്ടിലെ ജനങ്ങളുടെ ക്ഷേമവും നന്മയും പണയം വയ്ക്കാൻ തയ്യാറാകുന്ന പരിതാപകരമായ അവസ്ഥയിലോട്ട് അവർ അധ:പ്പതിച്ചിരിക്കുന്നു. ഭക്ഷ്യകിറ്റ് വിതരണം മുടക്കിയതിലൂടെ എന്തു നേട്ടമാണവർ നേടിയത്? സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷമാകട്ടെ അതിനു തുരങ്കം വയ്ക്കാനും. കേരളത്തിലെ ജനങ്ങൾ ഈ വ്യത്യാസം തിരിച്ചറിഞ്ഞിരിക്കുന്നു. അവർ ഇടതുപക്ഷത്തോടൊപ്പമാണ്. കുന്നത്തുനാട് മണ്ഡലത്തിൽ ലഭിച്ച ആവേശകരമായ സ്വീകരണം ആ യാഥാർത്ഥ്യത്തിൻ്റെ പ്രഖ്യാപനമായിരുന്നു. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി.വി ശ്രീനിജൻ്റെ വിജയത്തിനായി അവർ ഒപ്പമുണ്ടാകും. നവകേരളം ഇടതുപക്ഷത്തോടൊപ്പം അവർ പടുത്തുയർത്തും.

Exit mobile version