സർവ്വേകളിലെ തുടർഭരണമെന്ന പ്രവചനം കണ്ട് അലംഭാവം പാടില്ല; പ്രതിപക്ഷത്തിന്റെ നുണപ്രചരണം ചില മാധ്യമങ്ങളും ഏറ്റുപിടിച്ചു: മുഖ്യമന്ത്രി

കൊച്ചി: എൽഡിഎഫിന് തുടർഭരണം പ്രവചിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് സർവ്വേ ഫലം കണ്ട് അലംഭാവം പാടില്ലെന്ന് പ്രവർത്തകരെ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം വലിയ പ്രതിസന്ധികളെയാണ് നേരിട്ടത്, ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങൾ ആഗ്രഹിച്ച വികസനം നടത്താൻ സാധിച്ചുവെന്നും പിണറായി വിജയൻ ചതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാധാരണ ഗതിയിൽ ഒരു ഘട്ടം കഴിഞ്ഞാണ് വലിയ ആൾക്കൂട്ടം ഉണ്ടാവാറുള്ളത്. എന്നാൽ ഇത്തവണ വയനാട് മുതൽ വമ്പിച്ച ജനപങ്കാളിത്തം ഉണ്ടായി. ഇത് ജനങ്ങൾ എൽഡിഎഫിനോട് ഒപ്പമാണെന്നാണ് തെളിയിക്കുന്നത്.-മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പിഎസ്‌സി നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷവും ബിജെപിയും നുണകഥകളാണ് പ്രചരിപ്പിക്കുന്നതെന്നും ചില മാധ്യമങ്ങൾ ഇവരുടെ പ്രചാരണം ഏറ്റുപിടിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രകടന പത്രികയിലെ ഭൂരിപക്ഷം കാര്യങ്ങളും നടപ്പിലാക്കി. ഇതൊക്കെ മറച്ചുവെക്കാൻ നുണകഥകൾ പ്രചരിക്കുന്നു. എൽഡിഎഫ് പ്രകടന പത്രിക മുൻനിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് കുറുക്കുവഴികളിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.

റെക്കോർഡ് നിയമനം നടത്തിയിട്ടും ചില മാധ്യമങ്ങൾ നിയമനം സംബന്ധിച്ച തെറ്റായ കണക്കുകളാണ് അവതരിപ്പിക്കുന്നത്, കണക്കുകളെല്ലാം കൃത്യമായി അറിഞ്ഞുകൊണ്ടാണ് മറച്ചുവെക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

രാജ്യത്തെ കുതിച്ചുയർന്ന പെട്രോൾ, പാചക വാതക ആരുടെ സൃഷ്ടിയാണെന്നു ചോദിച്ച മുഖ്യമന്ത്രി തെരഞ്ഞടുപ്പ് നടക്കുമ്പോൾ ഇന്ധന വില വർധനവ് നിർത്തി വെച്ചതായി സംശയിക്കുന്നുവെന്നു ആരോപിച്ചു.

Exit mobile version