ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ; കെ സുരേന്ദ്രന്റെ 35 സീറ്റ് പരാമർശത്തോട് പിണറായി വിജയൻ

cm-pinarayi_

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ്-യുഡിഎഫ് സ്ഥാനാർത്ഥികളെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ പ്രചാരണ പരിപാടികൾക്കിടെയായിരുന്നു പിണറായിയുടെ പ്രതികരണം.

കേവല ഭൂരിപക്ഷം ഇല്ലെങ്കിലും കേരളം ഭരിക്കുമെന്ന് ആവർത്തിക്കുന്ന ബിജെപി നിലപാടിനോട് പ്രതികരിക്കവെയാണ് പിണറായി വിജയൻ ഇക്കാര്യം എടുത്തു പറഞ്ഞ് വിമർശിച്ചത്. 35 സീറ്റ് കിട്ടിയാൽ ഭരണത്തിലെത്താമെന്ന് ബിജെപി പറയുന്നു. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാൽ എങ്ങനെ ഭരിക്കും? അതാണ് ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസമെന്നും പിണറായി വിജയൻ കണ്ണൂർ ധർമ്മടത്ത് പറഞ്ഞു.

ഫിക്‌സഡ് ഡെപ്പോസിറ്റ് കോൺഗ്രസിൽ ഉണ്ടെന്ന വിശ്വാസം ആണ് ബിജെപിയെ തെരഞ്ഞെടുപ്പിൽ നയിക്കുന്നത്. ഈ ഡെപോസിറ്റുകളെ നിയമസഭയിലേക്ക് അയക്കണോ എന്ന് ജനം ആലോചിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ കേന്ദ്ര ഏജൻസികൾ എത്തിയപ്പോൾ കോൺഗ്രസ് ഹലേലൂയ്യ പാടി സ്വീകരിച്ചു. രാഹുൽ ഗാന്ധി അടക്കം എതിർത്തിട്ടും കേരള ഘടകം കേന്ദ്ര ഏജൻസികളെ പിന്തുണക്കുകയാണ് ചെയ്തതെന്നും പിണറായി വിജയൻ വിമർശിച്ചു.

Exit mobile version