തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ; വി മുരളീധരൻ മന്ത്രിയായതിന് ശേഷം നയതന്ത്രചാനലിലൂടെ സ്വർണ്ണക്കടത്ത് നടന്നതിന് കണക്കുണ്ടോ; തിരിച്ചടിച്ച് മുഖ്യമന്ത്രി

v muraleedharan and pinarayi_

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കും കോൺഗ്രസിനും വേണ്ടി വിടുപണി ചെയ്യുകയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ എന്ന രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റംസിനും, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനും എതിരെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആഞ്ഞടിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അവരുടെ ആക്രമണോത്സുകത കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡി കിഫ്ബിക്കെതിരെ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് ഹൈക്കോടതിക്ക് മുമ്പാകെ ഫയൽ ചെയ്ത പ്രസ്താവനയും ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാതൃകാ വികസനബദൽ ഉയർത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജൻസികൾ ഇറങ്ങിയിട്ടുള്ളത്. കസ്റ്റംസ് പ്രചാരണ പദ്ധതി നയിക്കുകയാണിപ്പോൾ. കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ പ്രസ്താവന ഇതിനുദാഹരണമാണ്. ക്രിമിനൽ നിയമം 160ാം വകുപ്പ് പ്രകാരം പ്രതി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ നൽകിയ മൊഴിയുടെ ഭാഗങ്ങൾ ഉദ്ധരിച്ചാണ് കസ്റ്റംസ് പ്രസ്താവന നൽകിയത്. കസ്റ്റംസ് കമ്മീഷണർ ഇതിൽ എതിർകക്ഷി പോലുമല്ല. സ്വപ്നയും കസ്റ്റംസ് പ്രിവന്റീവ് ഓഫീസറുമാണ് എതിർകക്ഷികൾ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ”എതിർകക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണർ പ്രസ്താവന നൽകുന്നത് കേട്ടുകേൾവിയില്ലാത്തതായിരുന്നു. വിവിധ കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന സുരേഷ്. ഇവരോടൊന്നും പറയാത്ത കാര്യം സ്വപ്ന കസ്റ്റംസിനോട് പറഞ്ഞെങ്കിൽ അതിന് കാരണമെന്ത്? കസ്റ്റംസും ഈ പ്രസ്താവന പ്രചരിപ്പിച്ചവരും ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ കക്ഷിയല്ലാത്ത കസ്റ്റംസ് കമ്മീഷണർ മന്ത്രിസഭയെ അപകീർത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് ഇറങ്ങിയിരിക്കുകയാണ്. ഇന്നലെ പ്രതിപക്ഷനേതാവ് പറഞ്ഞ ചോദ്യത്തിനുത്തരവും ഇതിലുണ്ടെ്. രാജ്യത്തെ ഭരണകക്ഷിയുടെ താത്പര്യം സംരക്ഷിക്കാൻ ഏജൻസികൾ ഇറങ്ങിയിരിക്കുകയാണ്. പ്രതിയുടെ മാനസിക ചാഞ്ചല്യം ഉപയോഗപ്പെടുത്തി എന്തെങ്കിലും പറയിക്കുകയാണ്. അങ്ങനെ പറഞ്ഞാൽ തെളിവുകൾ വേണമല്ലോ. ഇല്ലെങ്കിൽ കേസ് പൊളിയും. തെളിവില്ലാതെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രസ്താവനയാണ് കസ്റ്റംസ് നടത്തിയിരിക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും നേട്ടമുണ്ടാക്കാനുള്ള വിടുവേലയാണ് ഏജൻസികൾ നടത്തുന്നത്.”

കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി വി മുരളീധരനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി, നയതന്ത്ര ചാനലിലൂടെയുള്ള സ്വർണ്ണക്കടത്ത് സഹമന്ത്രിയുടെ അറിവോടെയാണെന്നും ആരോപിച്ചു.’കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി ഇന്നും എന്തൊക്കെയോ പറയുന്നത് കേട്ടു. ഇദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ? ഈ മന്ത്രി ചുമതലയിൽ വന്ന ശേഷമല്ലേ നയതന്ത്രചാനലിലൂടെ സ്വർണക്കടത്ത് നടന്നത്? സ്വർണക്കടത്ത് നടന്നത് നയതന്ത്രബാഗേജ് വഴിയല്ല എന്ന് പ്രതിയെ പറയാൻ പ്രേരിപ്പിച്ച വ്യക്തിയുമായി ഇദ്ദേഹത്തിനുള്ള ബന്ധമെന്ത്? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് വിദേശകാര്യവക്താവിനോട് ചോദിക്കാനല്ലേ സഹമന്ത്രി പറഞ്ഞത്? ആ സഹമന്ത്രി ഇപ്പോൾ വാളും ചുഴറ്റി ഇറങ്ങണ്ട’- മുഖ്യമന്ത്രി പറഞ്ഞു.

ജനക്ഷേമം കണ്ട് മുന്നോട്ട് പോകുന്ന ഇടതിനെ ജനങ്ങൾക്കിടയിൽ ഇകഴ്ത്താൻ ഇത് മതിയാകില്ല. സർക്കാരിന്‍റെ യശസ്സിനെ ഇകഴ്ത്തുകയാണ് ഉദ്ദേശം. ഇടതുപക്ഷം ജനമനസ്സിൽ പിടിച്ച സ്ഥാനം വലുതാണ്. ഞങ്ങൾ ജനങ്ങൾക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കും ഞങ്ങൾക്കുമുണ്ട്. ഈ വിരട്ടൽ കൊണ്ട് വിറപ്പിക്കാൻ നോക്കണ്ട. ആ വ്യാമോഹം അങ്ങ് മനസ്സിൽ വച്ചാൽ മതി. അത് തന്നെയാണ് ഇന്നലെയും ഇന്നും നാളെയും പറയാനുള്ളത്”-മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version