‘അവസാന നിമിഷം മൊഡ്യൂൾ തീർത്ത് പഠിച്ചാലും 80 ശതമാനം മാർക്ക് കിട്ടുമ്പോഴുണ്ടാകുന്ന കോൺഫിഡൻസ് ഉണ്ടല്ലോ, അതാണ് ആദ്യ രണ്ട് ശ്രമങ്ങളിലും എനിക്ക് വിനയായത്’; ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറുടെ സിവിൽ സർവീസ് വിജയത്തിന് പിന്നിലെ കഥ!

അർച്ചന തമ്പി

കോതമംഗം മാർ അത്തനേഷ്യസ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി ചെയ്യണോ തുടർന്ന് പഠിക്കണോ എന്ന കൺഫ്യൂഷനിൽ നിന്ന സമയത്താണ് സിവിൽ സർവീസ് എന്ന ഓപ്ഷൻ ആദ്യമായി ഉത്തര മേരി റെജിയുടെ മുന്നിലെത്തുന്നത്. വെറുതെ ട്രൈ ചെയ്തൂടെ എന്ന വീട്ടുകാരുടെ ചോദ്യം കേട്ടില്ലെന്ന് നടിച്ച ഉത്തര തല്ക്കാലം ഐഎഎസ് വേണ്ട എന്ന തീരുമാനത്തിൽ യുഎസിലേക്ക് ഉപരിപഠനത്തിനായി പറന്നു. ഫിലഡൽഫിയിയലെ ഡ്രക്‌സൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിജി എടുത്ത ശേഷം രണ്ട് വർഷം ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്‌തെങ്കിലും കാര്യമായ സംതൃപ്തിയോ സന്തോഷമോ ജോലിയിൽ നിന്ന് കിട്ടുന്നില്ല എന്ന് തോന്നിത്തുടങ്ങിയതോടെയാണ് ഇതല്ല തന്റെ മേഖല എന്ന് ഉത്തര തിരിച്ചറിയുന്നത്.
പഴയ സിവിൽ സർവീസ് സ്വപ്‌നം പൊടിതട്ടിയെടുത്താലോ എന്ന തോന്നലിൽ ജോലിയിലിരിക്കെത്തന്നെ 2017ലും 2018ലും പ്രിലിമിനറി അറ്റംപ്റ്റ് ചെയ്തു.രണ്ട് തവണയും പരാജയപ്പെട്ടു.

എഞ്ചിനീയറിംഗ് പരീക്ഷകൾക്ക് അവസാന നിമിഷം പഠിച്ച് തരക്കേടില്ലാത്ത മാർക്ക് വാങ്ങി ശീലമുള്ളതിനാൽ ആദ്യത്തെ രണ്ട് തവണയും കാര്യമായ തയ്യാറെടുപ്പുകളില്ലാതെയാണ് പ്രിലിനിമറി എഴുതിയത്. പരീശീലനക്കുറവും പരീക്ഷയെക്കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണകളുമാണ് ആദ്യ രണ്ട് തവണയും തന്നെ പരാജയപ്പെടുത്തിയതെന്ന് ഉത്തരയോട് ചോദിച്ചാൽ പറയും. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ എന്ത് ചെയ്താലും മുന്നോട്ട് പോവാനാവില്ലെന്നാണ് ഉത്തരയുടെ അഭിപ്രായം.

രണ്ട് തവണയും പരാജയപ്പെട്ടതോടെ നിസ്സാരമല്ല കാര്യം എന്ന് തിരിച്ചറിഞ്ഞ ഉത്തര ജോലി ഉപേക്ഷിക്കുകയും നാട്ടിലെത്തി തിരുവനന്തപുരത്ത് ഐലേൺ അക്കാദമിയിൽ പരിശീലനത്തിന് ചേരുകയും ചെയ്തു. എന്താണ് സിവിൽ സർവീസ് എന്നും എത്രത്തോളം കഠിനാധ്വാനം ചെയ്താണ് ഓരോ മത്സരാർഥിയും പരീക്ഷ എഴുതുന്നതെന്നും അപ്പോഴാണ് ഉത്തര മനസ്സിലാക്കിയത്.

പിന്നീടങ്ങോട്ട് ഉറക്കമില്ലാത്ത നാളുകളായിരുന്നു ഉത്തരയ്ക്ക്. പിഎസ്‌ഐആർ ആയിരുന്നു ഉത്തരയുടെ ഓപ്ഷണൽ. പരിശീലനത്തിന്റെ ഭാഗമായുള്ള ടെസ്റ്റ് സീരീസ് കൂടാതെ പലയിടത്തുനിന്നായി ചോദ്യപ്പേപ്പറുകൾ ശേഖരിക്കുകയും ഓൺലൈനിലൂടെയും അല്ലാതെയും ഉത്തരങ്ങൾ എഴുതി പരിശീലിക്കുകയും തെറ്റുകൾ തിരുത്തി പലയാവർത്തി ഉത്തരങ്ങൾ വിലയിരുത്തുകയും ചെയ്തു. പതിനഞ്ച് മണിക്കൂർ വരെ പഠനത്തിനായി ചിലവഴിച്ച ദിവസങ്ങളുണ്ട്. അവസാനത്തെ അറ്റംപ്റ്റ് ആണെന്ന് സ്വയം പറഞ്ഞ് പഠിച്ചാണ് ഉത്തര ഓരോ ടാസ്‌കും മറികടന്നിരുന്നത്. അതുകൊണ്ട് തന്നെ തന്റെ മുഴുവൻ കഴിവും ഉപയോഗിച്ച് പരീക്ഷകൾക്ക് തയാറെടുക്കാൻ ഉത്തരയ്ക്ക് കഴിഞ്ഞിരുന്നു.2019ലെ പ്രിലിമിനറി പാസ്സ് ആയതോടെ ആത്മവിശ്വാസം കൂടി.

ഇതിന് ശേഷമാണ് മെയിൻ എക്‌സാമിനുള്ള കാര്യമായ തയാറെടുപ്പുകളിലേക്ക് ഉത്തര കടക്കുന്നത്. ടെസ്റ്റ് സീരീസുകളിലെ തന്റെ ഗ്രാഫ് ഉയർന്നും താഴ്ന്നും ഇരുന്നതിനാൽ സ്വന്തമായി തന്നെത്തന്നെ വിലയിരുത്താൻ പലപ്പോഴും കഴിഞ്ഞിരുന്നില്ലെന്ന് ഉത്തര പറയുന്നു. അക്കാദമിയിലെ പരിശീലകർ ഇത്തരം സന്ദർഭങ്ങളിൽ തനിക്ക് തന്നിരുന്ന മെന്റൽ സപ്പോർട്ട് വിജത്തിന്റെ തിളക്കം കൂട്ടിയെന്നാണ് ഉത്തരയുടെ അഭിപ്രായം.

മെയിൻ എക്‌സാം പാസ്സാകില്ല എന്ന ഉറപ്പിലാണ് ഉത്തര യുഎസിലേക്ക് തിരിച്ച് പോയത്. യുഎസിൽ ചെന്ന് പഴയ ജീവിതം തുടരുകയും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. താൻ ചെയ്ത ഏറ്റവും വലിയ അബദ്ധമായാണ് ഉത്തര ഇതിനെ കണക്കാക്കുന്നത്. കാരണം മെയിൻസ് പാസ്സായി ഇന്റർവ്യൂ കോൾ വന്നപ്പോളേക്കും പഠനത്തോടുള്ള ടച്ച് വിട്ടുപോയിരുന്നു ഉത്തരയ്ക്ക്. ആയതിനാൽ വിട്ടുപോയ പാഠഭാഗങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കുറച്ചധികം കഷ്ടപ്പെടേണ്ടി വന്നു. സംസാരിക്കാനുള്ള വിഷയമില്ല എന്നതും ഇന്റർവ്യൂവിനായുള്ള പരിശീലനത്തിൽ ഉത്തരയ്ക്ക് വെല്ലുവിളിയായി. ഇതിനായി മോക്ക് ഇന്റർവ്യൂകളും മറ്റും അധികമായി ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.

‘എങ്ങനെയാണ് സംസാരിക്കേണ്ടതെന്ന് ഉത്തരയെ പഠിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വളരെ ഭംഗിയായി തന്നെയാണ് ഉത്തര സംസാരിക്കുന്നത്. എന്നാൽ എന്താണ് സംസാരിക്കേണ്ടെതെന്ന് പഠിപ്പിക്കണമായിരുന്നു. എന്താണ് ബോർഡ് ഡിമാൻഡ് ചെയ്യുന്ന് എന്നതിനെക്കുറിച്ചാണ് പ്രധാനമായും ഉത്തരയ്ക്ക് പരിശീലനം നൽകിയിരുന്നത് .” ഐലേൺ അക്കാദമിയിലെ മെന്ററായ മുഹമ്മദ് ഷിനാസ് പറയുന്നു.

യുഎസിൽ വെച്ചാണ് ഇന്റർവ്യൂവിന്റെ റിസൾട്ട് വരുന്നത്. രാത്രി മണിയായതോടെ ആൾ ഇന്ത്യ ലെവലിൽ 217ാം റാങ്കോടെ പാസ്സായി എന്ന വാർത്ത് വന്നു. തനിക്കാണ് ആ റാങ്ക് എന്ന് വിശ്വസിക്കാൻ ഒരാഴ്ചയോളമെടുത്തെന്നാണ് ഉത്തര പറയുന്നത്. ‘അവിശ്വസനീയമായ നിമിഷങ്ങളായിരുന്നു അത്. കിട്ടണേ എന്ന പ്രാർഥിച്ചിരുന്നതല്ലാതെ കിട്ടുമെന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. മെയിൻസും ഇന്റർവ്യൂവും കഴിഞ്ഞ് ഉടനെത്തന്നെ യുഎസിലേക്ക് തിരിച്ച് പോയത് രണ്ടും കിട്ടില്ല എന്ന ഉറപ്പിലാണ്. എന്നാൽ എന്റെ ശ്രമം വെറുതെ ആയില്ല. ഇപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.” ഉത്തര പറയുന്നു. ഇപ്പോൾ ഐആർഎസ് നേടി നിയമനത്തിനായി കാത്തിരിക്കുകയാണ് ഉത്തര.

‘ആദ്യ രണ്ട് തവണ പരാജയപ്പെട്ടതിനാൽ ചെറിയൊരു പേടി ഉണ്ടായിരുന്നു. ആ പേടി മറി കടക്കാൻ വീട്ടുകാരിൽ നിന്ന് ലഭിച്ച പിന്തുണ ചെറുതൊന്നുല്ല.ഓരോ തവണ പറ്റില്ല എന്ന് തോന്നുമ്പോഴും മാനസികമായി ലഭിച്ചിരുന്ന പിന്തുണ ആണ് ഇവിടെ വരെ എത്തിച്ചത്. വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായി. ഇതുവരെ വീട്ടിൽ ആരും എന്താണിപ്പോൾ ഈ ആഗ്രഹം എന്നോ ഇനിയിപ്പോ എന്തിനാണ് സിവിൽ സർവ്വീസ് എന്നോ ചോദിച്ചിട്ടില്ല. എനിക്ക് തോന്നുന്നത് നിങ്ങളുടെ ചെറിയ പിന്തുണ പോലും ചിലപ്പോൾ വലിയ അത്ഭുതങ്ങൾക്ക് കാരണമായേക്കാം എന്നാണ്. അതിന് ഏറ്റവും വലിയ ഉദ്ദാഹരണമായാണ് ഞാനെന്നെ കണക്കാക്കുന്നത്.”

‘സിവിൽ സർവീസിനോടുള്ള നമ്മുടെ സമീപനം പരീക്ഷകൾക്ക് വലിയൊരു മുതൽക്കൂട്ടാണ്. പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യു ഇവ ഒരു പാക്കേജ് ആണ്.യുപിഎസ്സി എഴുതുന്ന ആരോടും പറയാനുള്ളത് ഇതൊരു ഇന്റഗ്രൽ പ്രോസസ് ആയിക്കാണണം എന്നാണ്. ഓരോ പരീക്ഷയ്ക്ക് വേണ്ടിയായി പഠിക്കാതെ സിവിൽ സർവീസ് എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി തയാറെടുക്കണം. അത് ഏറെ സഹായിക്കും.” ഉത്തര കൂട്ടിച്ചേർത്തു.

ബിഗ്ന്യൂസ് ലൈവ്, ഐലേൺ സിവിൽ സർവീസ് അക്കാദമിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘സിവിൽ സർവീസിലേക്കുള്ള വിജയ വഴികൾ’ മോട്ടിവേഷണൽ പ്രോഗ്രാം; സിവിൽ സർവീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
+918089166792
www.ilearnias.com

Exit mobile version