കോവൂർ കുഞ്ഞുമോൻ എംഎൽഎയെ പാർട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി ആർഎസ്പി-ലെനിനിസ്റ്റ്

കൊല്ലം: കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടി ക്ഷണിതാവ് സ്ഥാനത്ത് നിന്നാണ് എംഎൽഎയെ പുറത്താക്കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി ബലദേവാണ് തീരുമാനം അറിയിച്ചത്. കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയിലാണ് പൊട്ടിത്തെറി സംഭവിച്ചിരിക്കുന്നത്. കുന്നത്തൂരിൽ കുഞ്ഞുമോന് സീറ്റ് നൽകിയാൽ ആർഎസ്പി ലെനിനിസ്റ്റ് സ്ഥാനാർത്ഥിയെ നിർത്തുമെന്നും ബലദേവ് അറിയിച്ചു. അടുത്തകാലത്തായി ബലദേവും കോവൂർ കുഞ്ഞുമോനും തമ്മിലുള്ള തർക്കം രൂക്ഷമാണ്.

കുഞ്ഞുമോൻ പാർട്ടിയെ തകർത്തെന്നാണ് വിമർശനം. പാർട്ടിക്ക് ലഭിക്കേണ്ട ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ എംഎൽഎ നഷ്ടമാക്കിയെന്നും ബലദേവ് ആരോപിച്ചു. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയുടെ ഏക എംഎൽഎയാണ് കോവൂർ കുഞ്ഞുമോൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായിട്ടാണ് കുഞ്ഞുമോൻ മത്സരിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷമാണ് ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്.

പാർട്ടിക്ക് ഇടതുമുന്നണി നൽകിയ പിഎസ്‌സി അംഗത്വം കുഞ്ഞുമോൻ പാർട്ടിക്ക് പുറത്തുള്ളയാൾക്ക് നൽകാൻ തീരുമാനിച്ചെന്ന് ബലദേവ് പറയുന്നു. ബലദേവ് പാർട്ടി പരിപാടികൾ തന്നോട് ആലോചിക്കുന്നില്ലെന്നാണ് കുഞ്ഞുമോന്റെ പരാതി.

Exit mobile version