നഴ്‌സറി ക്ലാസുതൊട്ട് ഒരു ദിവസം പോലും അവധിയെടുത്തില്ല; 13 വർഷവും മടി പിടിക്കാതെ സ്‌കൂളിൽ; ഒടുവിൽ അക്ഷയയെ തേടിയെത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്

മഞ്ചേരി: സ്‌കൂളിൽ പോവാൻ മടിച്ചിരിക്കുന്ന വിദ്യാർത്ഥികൾ അറിയണം തുടർച്ചയായ 13 വർഷവും അവധി എടുക്കാതെ സ്‌കൂളിൽ കൃത്യമായി എത്തിയ വിദ്യാർത്ഥിനി അക്ഷയയെ കുറിച്ച്. ഒടുവിൽ അവധിയെടുക്കാതെ സ്‌കൂളിൽ പോയി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം പിടിച്ചിരിക്കുകയാണ് പുൽപറ്റ കാരാപറമ്പ ിലെ ‘സൗപർണിക’വീട്ടിൽ എംഎൻ അക്ഷയ.

അക്ഷയ യുകെജി മുതൽ പ്ലസ് ടു വരെ ഒരു ദിവസം പോലും മുടങ്ങാതെ സ്‌കൂളിലെത്തിയെന്നാണ് സ്‌കൂൾ റെക്കോർഡുകളും സാക്ഷ്യം പറയുന്നത്. കോയമ്പത്തൂർ വിദ്യാനികേതനിലാണ് യുകെജി മുതൽ അഞ്ചാം ക്ലാസുവരെ അക്ഷയ പഠിച്ചത്. തുടർന്ന് ആറാംക്ലാസ് മുതൽ പത്തുവരെ മഞ്ചേരി നോബിൾ സ്‌കൂളിലും പഠനം പൂർത്തിയാക്കി. കരിപ്പൂർ എയർപോർട്ട് സ്‌കൂളിൽനിന്ന് 76 ശതമാനം മാർക്കോടെയാണ് സിബിഎസ്ഇ പ്ലസ്ടു വിജയിച്ചത്.

സ്‌കൂളുകൾ പലതവണ മാറിയെങ്കിലും അക്ഷയ ഇതിനിടയിൽ ഒരുദിവസം പോലും ക്ലാസ് മുടക്കിയില്ല. സ്‌കൂൾ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ് അക്ഷയക്ക് മുഴുവൻ ദിന ഹാജരുണ്ടെന്ന് അംഗീകരിച്ചത്.

പ്ലസ്ടു കഴിഞ്ഞ അക്ഷയ ഇപ്പോൾ മീററ്റിൽ ബിടെക് ബയോ ഇൻഫോർമാറ്റിക് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. സംസ്ഥാന അമച്വർ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ ജേതാവ് കൂടിയാണ് ഈ വിദ്യാർത്ഥിനി. കോയമ്പത്തൂർ സ്വദേശി മണികണ്ഠന്റെയും വേങ്ങര സ്വദേശിനി ജി നിഷയുടെയും മകളാണ്.

Exit mobile version