യാത്രക്കാരുടെ കണ്ണീര്‍ വീഴ്ത്തി കണ്ണൂര്‍ വിമാനത്താവളം; ബാഗേജുകള്‍ കാണാനില്ല; കിട്ടിയവ കീറി പറിഞ്ഞും, മോഷണം നടന്ന നിലയിലും; പ്രതിഷേധിച്ച് യാത്രക്കാര്‍

ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിട്ട കണ്ണൂര്‍ വിമാനത്താവളം യാത്രക്കാരുടെ കണ്ണീരാകുന്നു.

മട്ടന്നൂര്‍: ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിട്ട കണ്ണൂര്‍ വിമാനത്താവളം യാത്രക്കാരുടെ കണ്ണീരാകുന്നു. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ 14 യാത്രക്കാരുടെ ബാഗേജ് ലഭിച്ചില്ലെന്നാണ് പരാതി ഉയര്‍ന്നത്. തുചര്‍ന്ന് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇന്നലെ പുലര്‍ച്ചെ 5.50നു കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയവരുടെ ബാഗേജാണു ലഭിക്കാതിരുന്നത്. ബാഗേജ് ഏരിയയില്‍ 1 മണിക്കൂര്‍ കാത്തിരുന്നിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണു യാത്രക്കാര്‍ പ്രതിഷേധിച്ചത്.

ഇതിനിടെ, 1 കിലോ കൂടുതലാണെന്നു പറഞ്ഞ് ബാഗേജ് ദോഹയില്‍ നിന്നു കീറി സാധനങ്ങള്‍ മാറ്റിയെന്നും ഒരു യാത്രക്കാരി പരാതിപ്പെട്ടു. ഇതും കണ്ണൂരില്‍ എത്തിയില്ല. സ്വന്തം നാട്ടില്‍ ആദ്യമായി വിമാനം ഇറങ്ങാന്‍ കാത്തിരുന്ന നാട്ടുകാര്‍ക്കു വിമാനക്കമ്പനി ഇങ്ങനെയൊരു പണി തരുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു യാത്രക്കാര്‍ പറയുന്നു.

അതേസമയം, കൈയ്യില്‍ കിട്ടിയ ലഗേജുകള്‍ കീറിപ്പറിഞ്ഞ് മോഷണം നടന്ന നിലയിലായിരുന്നെന്ന് ആരോപിച്ച് ഒരുകൂട്ടം പ്രവാസികളായ യുവാക്കള്‍ വീഡിയോ സഹിതം സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇതും പിച്ചവെച്ചു തുടങ്ങുന്ന എയര്‍പോര്‍ട്ടിന് ചീത്തപ്പേരായിരിക്കുകയാണ്.

പേ ലോഡിനേക്കാള്‍ (വിമാനത്തില്‍ മൊത്തം കയറ്റാവുന്ന ഭാരം) ഭാരം വന്നതുകൊണ്ടാണു 14 പേരുടെ ബാഗേജ് വിമാനം പുറപ്പെടുന്നതിനു മുന്‍പ് ദോഹയില്‍ ഇറക്കിവെക്കേണ്ടി വന്നതെന്നും ഇന്നത്തെ വിമാനത്തില്‍ ഇവ കൊണ്ടുവരുമെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രതിനിധി പറഞ്ഞു. 14 പേരുടെയും വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കും. കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ചെക്ക്ഇന്‍ ബാഗേജായി കൊണ്ടുപോകരുതെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇവ കൈകാര്യം ചെയ്യുന്നതു വിമാനത്താവളങ്ങളില്‍ ബാഗേജ് ഹാന്‍ഡ്ലിങ് കരാറെടുത്ത ഏജന്‍സികളാണ്. പെട്ടി പൊളിഞ്ഞു സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയേറെയാണെന്നും അധികൃതര്‍ അറിയിക്കുന്നു.

Exit mobile version