ഓൺലൈൻ ക്ലാസിനായി ശബരീനാഥൻ എംഎൽഎ അംഗനവാടിയിലേക്ക് ടിവി നൽകി; സോഷ്യൽമീഡിയയിൽ ഫോട്ടോയുമിട്ടു; തൊട്ടുപിന്നാലെ എടുത്തുകൊണ്ടു പോയി; പഠനം മുടങ്ങി വിദ്യാർത്ഥികൾ

ks sabarinadhan-1

തിരുവനന്തപുരം: സോഷ്യൽമീഡിയയിലടക്കം കൊട്ടിഘോഷിച്ച് കെഎസ് ശബിരീനാഥൻ എംഎൽഎ ഓൺലൈൻ ക്ലാസിനായി അംഗനവാടിയിലേക്ക് വാങ്ങി നൽകിയ ടിവി അനുയായികൾ തിരിച്ച് എടുത്തുകൊണ്ടു പോയെന്ന് ആക്ഷേപം. ടിവി അംഗനവാടിക്ക് സമ്മാനിക്കുന്നഫോട്ടോയെടുത്ത് എംഎൽഎ ഫേസ്ബുക്കിലുമിട്ടിരുന്നു. ഇതിന് പിന്നാലെ ഒരു മാസം കഴിയും മുമ്പാണ് അദ്ദേഹത്തിന്റെ അനുനായികൾ ടിവി എടുത്തുകൊണ്ടുപോയത്.

തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി പാലക്കോണം കോളനിയിലുള്ള അങ്കണവാടിയിലെ കുട്ടികൾക്കാണ് ശബരീനാഥൻ ഓൺലൈൻ പഠനത്തിനായി ടിവി വാങ്ങി നൽകിയത്. ഈ വിവരം ചിത്രങ്ങൾ സഹിതം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരുമാസമാകുമ്പോഴേക്കും മുൻ വാർഡ് അംഗം എൻഎസ് ഹാഷിമിന്റെ നേതൃത്വത്തിലുള്ളവർ ടിവി തിരികെ എടുത്തുകൊണ്ടു പോവുകയായിരുന്നു.

ടിവി കൊണ്ടുപോയതോടെ കുഞ്ഞുങ്ങളുടെ പഠനം മുടങ്ങി രക്ഷിതാക്കളടക്കം ആശങ്കയിലുമായി. ഇക്കാര്യം അറിഞ്ഞെത്തിയ സിപിഎം പ്രാദേശിക നേതൃത്വം സഹായവുമായി എത്തിയത് ഒടുവിൽ എല്ലാ ആശങ്കയേയും ദുരീകരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ വികെ മധു അങ്കണവാടിയിലേക്ക് പുതിയ ടിവി കൈമാറുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് വിജെ സുരേഷ്, വാർഡ് അംഗങ്ങളായ അശോകൻ, അനുതോമസ്, സിപിഎം ലോക്കൽ കമ്മിറ്റി അംഗം റാഷു തോട്ടുമുക്ക്, ബ്രാഞ്ച് സെക്രട്ടറി ബിനു നാഗര, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉനൈസ് തുരുത്തി എന്നിവർ പങ്കെടുത്തു.

Exit mobile version