പുള്ളിപ്പുലിയെ കൊന്ന് കറി വച്ച സംഭവം; പ്രതികള്‍ മുമ്പും നായാട്ട് നടത്തിയിട്ടുണ്ടെന്ന് വനം വകുപ്പ്

ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വച്ച കേസിലെ പ്രതികള്‍ ഇതിന് മുമ്പും നായാട്ട് നടത്തിയിട്ടുണ്ടെന്ന് വനം വകുപ്പ്. കേസിലെ പ്രതികളായ മാങ്കുളം സ്വദേശി പി കെ മധുവും സുഹൃത്തുക്കളും ഇതിന് മുന്‍പ് മുള്ളന്‍പന്നിയെ കൊന്നു കറിവച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. സമാന രീതിയില്‍ പ്രതികള്‍ കൂടുതല്‍ മൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടാകാമെന്നും മാങ്കുളം ഫോസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.

സംഭവത്തില്‍ അഞ്ച് പേരാണ് പിടിയിലായത്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി വനം വകുപ്പ് കോടതിയെ സമീപിക്കും. അതേസമയം പുലി ഇറച്ചി ആണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് പിടിയിലായ മുഖ്യപ്രതി വിനോദിന്റെ ഭാര്യ പ്രതികരിച്ചു. ആടിനെയും കോഴിയെയും വന്യമൃഗങ്ങള്‍ ആക്രമിച്ചിരുന്നു. ഇതിനെ പിടികൂടാനാണ് കെണി വെച്ചത്.ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി ശല്യം തടയുന്നതിന് ആവശ്യമായ നടപടികള്‍ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നു മാങ്കുളം നിവാസികളും പരാതിപ്പെടുന്നു.

എന്നാല്‍ പുലിത്തോലിനും നഖത്തിനും വേണ്ടിയാണ് പ്രതികള്‍ പുലിയെ പിടികൂടിയത് എന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.പുലിത്തോലിനും നഖത്തിനും അന്താരാഷ്ട്ര വിപണിയില്‍ മോഹവിലയാണ്.
കഴിഞ്ഞ ബുനാഴ്ച്ചയാണ് മാങ്കുളം സ്വദേശി പി.കെ വിനോദ് തന്റെ കൃഷിയിടത്തില്‍ നിന്നും പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ചത്.

ബുധനാഴ്ച രാത്രിയോടെ പുലിയ്ക്കായി മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തില്‍ കെണിയൊരുക്കിയിരുന്നു. അന്ന് തന്നെ കെണിയില്‍ പുലി വീഴുകയും ചെയ്തിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ വിനോദും സംഘവും പുലിയെ കൊന്ന് ഇറച്ചിയെടുത്ത് കറി വെയ്ക്കുകയായിരുന്നു. പത്തുകിലോയോളം ഇറച്ചിയെടുത്താണ് ഇവര്‍ കറിയാക്കിയത്. പുലിക്ക് ആറ് വയസ് പ്രായമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പുലിയെ കൊന്ന് കറിവെച്ചതിന് ശേഷം, തോലും പല്ലും നഖവും വില്‍പ്പനയ്ക്കായി ഇവര്‍ മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് പുലിയെ കൊലപ്പെടുത്തിയത് കണ്ടെത്തിയത്. മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസില്‍, വിപി കുര്യാക്കോസ്, സിഎസ് ബിനു, സലി കുഞ്ഞപ്പന്‍, വടക്കുംചാലില്‍ വിന്‍സന്റ് എന്നിവരെ ആണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.

Exit mobile version