സ്വന്തക്കാരന് വേണ്ടി കളത്തിലിറങ്ങി അടൂർ പ്രകാശ്; കെ സുധാകരന്റെ അടുപ്പക്കാരന് വേണ്ടി പാർട്ടിക്കാരും; സ്ഥാനാർത്ഥി ചർച്ച ആരംഭിച്ചതിന് പിന്നാലെ കോന്നി കോൺഗ്രസിൽ പൊട്ടിത്തെറി

Konni

കോന്നി: കോൺഗ്രസിന്റെ കോട്ടയെന്നൊക്കെ അവകാശപ്പെട്ടിരുന്ന കോന്നി മണ്ഡലത്തിൽ എൽഡിഎഫിനായി കെയു ജനീഷ് എംഎൽഎ വെന്നിക്കൊടി പാറിച്ചതോടെ ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ തന്നെ മണ്ഡലത്തിലെ കോൺഗ്രസിന് ആശങ്കയാണ്. ഇതിനിടെയാണ് കോൺഗ്രസിനകത്തെ പൊട്ടിത്തെറിയും പാർട്ടിക്ക് തലവേദനയാകുന്നത്.

എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ മുന്നോട്ട് പോകുന്നതിനിടെ ചർച്ചകൾ പോലും തുടങ്ങാനാകാത്ത അവസ്ഥയിലാണ് കോൺഗ്രസ്. അടൂർ പ്രകാശനും കെ സുധാകരനും സ്വന്തക്കാരെ കോന്നിയിൽ സ്ഥാനാർത്ഥികളാക്കാൻ വേണ്ടി മത്സരം തുടങ്ങിയതോടെ കോൺഗ്രസ് അണികളും തമ്മിൽ തല്ല് ആരംഭിച്ചിരിക്കുകയാണ്. അടുത്തെങ്ങും സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്താനാകുമെന്ന പ്രതീക്ഷ കോൺഗ്രസിനില്ല.

ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശ് കോന്നിയിലേക്ക് എത്തിയാണ് തന്റെ അടുപ്പക്കാരന്റൈ സ്ഥാനാർത്ഥിത്വത്തിനായി കരുക്കൾ നീക്കുന്നത്. സ്വന്തം ഗ്രൂപ്പുകാരനെ ഏകപക്ഷീയമായി സ്ഥാനാർത്ഥിയാക്കാനുള്ള അടൂർ പ്രകാശന്റെ ശ്രമങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പിന് കാരണമാകുന്നുണ്ട്. മാത്രമല്ല, കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോന്നിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് പിന്നിൽ അടൂർ പ്രകാശനും അദ്ദേഹം സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നയാളുമാണെന്ന് ആരോപണമുണ്ട്‌.
.
കോന്നി കൈയ്യിൽ നിന്നും നഷ്ടപ്പെടാൻ കാരണമായ വ്യക്തിയെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നതിനെതിരെ പരാതിയുമായി ഒരു വിഭാഗം നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ്.

അതേസമയം, അടൂർ പക്ഷം ഉന്നയിക്കുന്ന വാദം എസ്എൻഡിപി പ്രാതിനിധ്യം എന്നുള്ളതാണ്. സംസ്ഥാനത്തു തന്നെ എസ്എൻഡിപി സമുദായത്തിന്റെ കോൺഗ്രസ് പ്രാതിനിധ്യം കോന്നിയിൽ നിന്ന് ആയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ അത് അട്ടിമറിച്ചതാണ് എന്നും തുടർന്നും പത്തനംതിട്ട ജില്ലയിൽ നിന്നും ഒരു എസ്എൻഡിപി വിഭാഗത്തിൽ പെട്ട ആളെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമാണ് ഇവർ ഉയർത്തുന്നത്.

ഇതിനിടെ കണ്ണൂർ എംപി കെ സുധാകരന്റെ സ്വന്തം പക്ഷക്കാരനായ കെപിസിസി സെക്രട്ടറി എൻ ഷൈലാജിന് വേണ്ടി മറ്റൊരു വിഭാഗവും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോന്നിയിൽ ഷൈലാജിന് വിജയസാധ്യതയുണ്ടെന്ന് ഇവർ വാദിക്കുന്നു. കെപിസിസി സെക്രട്ടറിയായപ്പോൾ തന്നെ ഷൈലാജിന് കോന്നിയിലെ കോൺഗ്രസ് പ്രവർത്തകർ നിരവധി സ്ഥലങ്ങളിൽ ആശംസ അർപ്പിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു.

ഷൈലാജിന്റെ സ്ഥാനാർത്ഥിത്വം അട്ടിമറിക്കാൻ ആറ്റിങ്ങൽ എംപി ഇറങ്ങിത്തിരിച്ചു എന്ന ആരോപണമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെടാൻ വേണ്ടി പ്രയത്‌നിച്ചയാൾ സ്ഥാനാർത്ഥിയായാൽ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് അത് താങ്ങാനാകില്ലെന്നാണ് ഷൈലാജിന് വേണ്ടി വാദിക്കുന്നവർ ഉയർത്തുന്ന മുഖ്യവാദം. പതിനൊന്നു പഞ്ചായത്തുള്ള കോന്നിയിൽ ഒരു പഞ്ചായത്തിലെ സ്വാധീനം വച്ച് എങ്ങനെ ജയിക്കാൻ കഴിയുമെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.

കരുത്തനായ എംഎൽഎ കെയു ജനീഷ് കുമാർ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായി വന്നാൽ ഷൈലാജിന് പ്രതിരോധിക്കാനാകുമെന്ന് കോൺഗ്രസിനും ഉറപ്പില്ല. ചുരുങ്ങിയ കാലം കൊണ്ട് വികസന പ്രവർത്തനങ്ങളിലൂടെ നിലവിലെ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ കരുത്തനായതായും, പരാജയപ്പെടുത്തുക എളുപ്പമല്ലെന്നും കോൺഗ്രസ് അണികൾ തന്നെ കരുതുന്നു. അതിനാൽ പടലപ്പിണക്കവും സ്ഥാനാർത്ഥിത്വത്തെ ചൊല്ലി വഴക്കും കൂടുമ്പോൾ ആശങ്ക വീണ്ടും വർധിക്കുകയാണ്.

സമുദായ സമവാക്യം നോക്കി സംസ്ഥാന നേതാവിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നും സ്ഥാനാർത്ഥിക്ക് എതിരെ പ്രവർത്തിച്ച വിജയസാധ്യതയില്ലാത്തയാളെ സ്ഥാനാർത്ഥിയാക്കരുതെന്നുമാണ് കോൺഗ്രസിലെ പ്രബല വിഭാഗത്തിന്റെ ആവശ്യം.

Exit mobile version