മുസ്ലിം പള്ളിക്കും ക്ഷേത്രത്തിനും ഒരേ പ്രവേശന കവാടം; മതമൈത്രിയുടെ ഈറ്റില്ലമായി ആയമ്പാറ

ആരാധനാലയങ്ങളുടെ പേരിൽ തർക്കങ്ങൾ നടക്കുന്നത് പലരും കേട്ടിരിക്കുമെങ്കിലും മതമൈത്രി തന്നെയാണ് നമ്മുടെ നാടിന്റെ മുഖമുദ്ര. മലയാളികൾ ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന പലപ്രവർത്തികളിലും മുന്നിട്ടുനിൽക്കുന്നതും നാടിന്റെ ഈ ഒത്തൊരുമ കാരണമാണ്.

ഇത്തരത്തിൽ മലയാളമണ്ണിന്റെ മതമൈത്രിക്ക് ഉദാഹരണമാവുകയാണ് കാസർകോട്ടെ ആയമ്പാറ എന്ന ഗ്രാമം. ഇവിടെ ആരാധനാലയങ്ങൾക്ക് നിർമ്മിച്ചിരിക്കുന്ന കമാനങ്ങളാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നത്. ആരാധനാലയങ്ങൾക്ക് കമാനങ്ങൾ നിർമ്മിക്കുന്നത് പതിവാണെങ്കിലും കാസർകോട് ആയമ്പാറയിലെ ഒരു കമാനത്തിന് വലിയൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും ഒരേ കമാനമാണ്!

ദേശീയപാത 66ന് അരികിലാണ് പെരിയയ്ക്കടുത്ത് ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റേയും ബിലാൽ മസ്ജിദിന്റേയും പ്രവേശനകവാടം. മുമ്പും ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും നേരത്തെ ഒരേ ഗേറ്റാണ് ഉണ്ടായിരുന്നത്.

ഇതിനിടെ, കാലപ്പഴക്കത്തിൽ ഗേറ്റ് നശിച്ചതിനെ തുടർന്ന് ക്ഷേത്ര കമ്മിറ്റി ഒരു കമാനം പണിയാം എന്ന ആശയം മുൻപോട്ട് വച്ചു. അത് പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചു. അങ്ങനെ ഒരുമിച്ചുള്ള ചർച്ചകളിൽനിന്ന് ഇങ്ങനെയൊരു ആശയമുണ്ടായി. കമാനത്തിന്റെ പകുതി ക്ഷേത്രത്തിൻറെയും അടുത്ത പകുതി മസ്ജിദിന്റെയുമാക്കി പണിയാം എന്ന്. കമാനം ഇരിക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി വിട്ടുനൽകിയതോടെ നിർമ്മാണക്കമ്മിറ്റി രൂപീകരിച്ചു.

അങ്ങനെ പള്ളിക്കമ്മിറ്റിയും ക്ഷേത്രത്തിന്റെ യുഎഇ കമ്മിറ്റിയും ചെലവ് തുല്യമായി വഹിച്ചു. 2019 ഓഗസ്റ്റിലാണ് പണി തുടങ്ങിയതെങ്കിലും കോവിഡും ലോക്ക്ഡൗണും കാരണം നിർമ്മാണം നീണ്ടു.

വരുന്ന റിപ്പബ്ലിക് ദിനത്തിൽ കമാനം ഉദ്ഘാടനം ചെയ്യാനാണ് ഇവരുടെ തീരുമാനം. മതത്തിന്റെ പേരിൽ കലഹിക്കുന്നവർക്ക് ഞങ്ങളുടെ തീരുമാനം നല്ലൊരു മാതൃകയാകട്ടെ എന്നാണ് ഇവർ പറയുന്നത്.

Exit mobile version