കടയ്ക്കാവൂർ പോക്‌സോ കേസ്: അമ്മയ്ക്ക് എതിരായ കുട്ടിയുടെ മൊഴിയിൽ കുഴമ്പുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ; കുടുംബവഴക്ക് മാത്രമല്ല, തെളിവ് ഫോണിൽ

കൊച്ചി: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസിൽ തെളിവുകളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. പോക്‌സോ കേസിൽ കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഇത് കുടുംബ പ്രശ്‌നം മാത്രമല്ലെന്നും അമ്മയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അമ്മയുടെ ജാമ്യഹർജിയെ എതിർത്ത് സർക്കാർ കോടതിയിൽ വാദിച്ചു.

നേരത്തെ, കുട്ടിയുടെ പിതാവ് കുടുംബവഴക്കിനെ തുടർന്ന് വ്യാജ ആരോപണം ഉന്നയിച്ചതാണെന്ന് യുവതിയുടെ ബന്ധുക്കൾ പ്രതികരിച്ചിരുന്നു. പോക്‌സോ കേസിൽ കേസ് ഡയറി പരിശോധിക്കാൻ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്ത കോടതി ഇന്ന് തന്നെ കേസ് ഡയറി ഹാജരാക്കാനും ആവശ്യപ്പെട്ടു.

കുട്ടിയ്ക്ക് പലപ്പോഴും അമ്മ ചില മരുന്നുകൾ നൽകിയിരുന്നതായി കുട്ടിയുടെ മൊഴികളിൽ പറയുന്നുണ്ട്. പോലീസ് നടത്തിയ പരിശോധനയിൽ ഈ മരുന്ന് അമ്മയിൽ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനാൽ അമ്മയ്ക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൃത്യമായി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ഒടുവിൽ നിലപാടെടുക്കുകയായിരുന്നു.

അതേസമയം പോലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്ന് അമ്മ കോടതിയിൽ വാദിച്ചു. പിതാവിന്റെ സമ്മർദ്ദത്തിലാണ് കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് കോടതിയിൽ അമ്മയുടെ വാദം.

കേസിൽ വിശദമായ വാദം കേട്ട കോടതി കേസ് ഡയറി കൂടി പരിശോധിച്ച ശേഷം നാളെ അമ്മയുടെ ജാമ്യ ഹർജിയിൽ വിധി പറയും. കഴിഞ്ഞ ഡിസംബർ 28 നാണ് കുട്ടിയുടെ അമ്മയെ പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version