‘എന്നാലും എന്റെ ഫിറോസേ ഇതൊക്കെ ഇപ്പോഴാണോ പറയുന്നേ’… പ്രസംഗത്തിനിടെ ആനമണ്ടത്തരം പുലമ്പിയ പികെ ഫിറോസിനെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ; നേതാവിന്റെ ചരിത്രബോധത്തെ സ്വാഗതം ചെയ്ത അണികള്‍ക്കും പണി

കൊച്ചി: പ്രസംഗത്തിനിടെ ആനമണ്ടത്തരം പറഞ്ഞ പികെ ഫിറോസിനെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുതുമുത്തച്ഛന്‍ മഹാത്മാഗാന്ധിയാണെന്നും രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലും എന്നായിരുന്നു ഫിറോസ് പറഞ്ഞത്. യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പികെ ഫിറോസ് മണ്ടത്തരങ്ങള്‍ പുലമ്പിയത്.

എന്നാല്‍ അണികള്‍ നിറഞ്ഞ ആവേശത്തോടെ കൈയ്യടിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും യുവ നേതാവിന്റെ ‘ചരിത്രബോധം’ നവമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. നേതാവിന്റെ പ്രസംഗത്തിലെ മണ്ടത്തരങ്ങളും പൊട്ടത്തരങ്ങളും കേട്ട് വിഢികളെ പോലെ ചിരിക്കുന്ന അണികള്‍ക്കും ട്രോളന്മാരുടെ വക പണി വന്നിട്ടുണ്ട്.

‘എന്നാലും എന്റെ ഫിറോസേ.. ഇക്കാര്യം ഇത്രയും കാലമായിട്ടും നീ എന്തേ പറയാതിരുന്നേ..’ എന്ന് രാഹുല്‍ ഗാന്ധിയുടെ ഫോട്ടോവെച്ചായിരുന്നു ഒരു ട്രോള്‍.

‘ഗന്ധിജിയുടെ അച്ഛനാണ് ഗാന്ധിജി എന്ന് പറയാതിരുന്നത് നന്നായി’ എന്നായിരുന്നു മറ്റൊരു ട്രോള്‍

‘ ലീഗ്കാര്‍ക്ക് ചരിത്ര ക്ലാസ് എടുത്ത ഫിറോസ് ഈ മുതലാണെങ്കില്‍ ക്ലാസിലിരുന്നവര്‍ എജ്ജാതി മുതലായിരിക്കും എന്നതാണ് വേറെ ട്രോള്‍

പ്രസംഗത്തിലെ പ്രസക്തഭാഗം ഇങ്ങനെ..

‘നരേന്ദ്ര മോഡിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് തന്റെ മുതു മുത്തച്ഛന്‍ ആര്‍എസ്എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്എസുകാരന്റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി’.

യഥാര്‍ത്ഥത്തില്‍ രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത് ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ്. ഇന്ദിര ഗാന്ധി ഫിറോസ് ഗാന്ധി ദമ്പതികളാണ് രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും

Exit mobile version