യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും പിന്തുണ വോട്ട്; തെരഞ്ഞെടുത്ത് മിനിറ്റുകൾക്കകം രാജിവെച്ച് നാല് സിപിഎം പ്രസിഡന്റുമാർ; നിലപാടിന് അഭിനന്ദനവുമായി സോഷ്യൽമീഡിയ

തൃശ്ശൂർ: പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞടുപ്പിൽ ആവശ്യപ്പെടാതെ തന്നെ യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും അംഗങ്ങൾ വോട്ട് നൽകിയതിപ് പിന്നാലെ, നാല് സിപിഎം പ്രസിഡന്റുമാർ രാജിവെച്ചു. തെരഞ്ഞെടുത്ത് മിനിറ്റുകൾക്കുള്ളിലാണ് നാല് അംഗങ്ങളും രാജിവെച്ചത്. തൃശ്ശൂർ അവിണിശ്ശേരിയിലും ആലപ്പുഴ തിരുവൻവണ്ടൂരിലുമാണ് യുഡിഎഫ് വോട്ടുകൾ കിട്ടിയതിനു പിന്നാലെ എൽഡിഎഫ് പ്രസിഡന്റുമാർ രാജിവെച്ചത്. അതേസമയം, അധികാരത്തിനായി നിലപാട് അടിയറവ് വെയ്ക്കാത്ത അംഗങ്ങൾക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ.

അവിണിശ്ശേരിയിൽ ബിജെപി-6, എൽഡിഎഫ്-5, യുഡിഎഫ്-3 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് പിന്തുണ കൂടി നേടി എട്ട് വോട്ടുകളോടെ എൽഡിഎഫ് സ്ഥാനാർഥി വിജയിക്കുകയും ചെയ്തു. എന്നാൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എആർ രാജു ഉടൻ തന്നെ രാജിവെയ്ക്കുകയായിരുന്നു. അതേസമയം ബിജെപിയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എൽഡിഎഫ് പ്രസിഡന്റിന്റെ രാജിയെന്ന് യുഡിഎഫ് ആരോപിച്ചു.

എൽഡിഎഫ് പ്രസിഡന്റ് യുഡിഎഫിന്റെ പിന്തുണ തള്ളിയതോടെ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്ത് ബിജെപി ഭരണമുറപ്പിക്കുകയും ചെയ്തു. നേരത്തേ ബിജെപിക്കായിരുന്നു ഇവിടെ ഭരണം.

തിരുവൻവണ്ടൂരിലാകട്ടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നെങ്കിലും എൽഡിഎഫ് ആയിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. എന്നാൽ യുഡിഎഫ് പിന്തുണ വേണ്ടെന്ന നിലപാടെടുത്ത് എൽഡിഎഫ് നോമിനി പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

പത്തനംതിട്ട കോട്ടാങ്ങലിലും എസ്ഡിപിഐ പിന്തുണ നേടി പ്രസിഡന്റായി വിജയിച്ച സിപിഎം പ്രതിനിധി ഉടൻ രാജിവെച്ചു. എൽഡിഎഫ്-5, ബിജെപി-5, യുഡിഎഫ്-2, എസ്ഡിപിഐ-1 എന്നിങ്ങനെയായിരുന്നു കോട്ടാങ്ങലിൽ കക്ഷിനില. എസ്ഡിപിഐ പിന്തുണ തള്ളിക്കൊണ്ടാണ് സിപിഎമ്മിന്റെ ബിനു ജോസഫ് രാജിവെച്ചത്.

തിരുവനന്തപുരത്തെ പാങ്ങോടും എസ്ഡിപിഐ പിന്തുണ ലഭിച്ച എൽഡിഎഫ് പ്രസിഡന്റ് മിനുട്ടുകൾക്കുള്ളിൽ രാജിവെയ്ക്കുകയായിരുന്നു.

Exit mobile version