തദ്ദേശ തെരഞ്ഞെടുപ്പ് റീപോളിങ്; രണ്ട് വാര്‍ഡിലും യുഡിഎഫിന് ജയം

udf, repolling \ bignewslive

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ റീപോളിങ് നടന്ന രണ്ട് വാര്‍ഡുകളിലും യുഡിഎഫിന് ജയം. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തിനാലാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ ജാഫര്‍ കുന്നത്തേരി ജയിച്ചു. 99 വോട്ടുകള്‍ക്കാണ് ജയം. വയനാട് ബത്തേരി നഗരസഭ പത്തൊന്‍പതാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ അസീസ് മാടാലയാണ് ജയിച്ചത്.

മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തിനാലാം വാര്‍ഡില്‍ യുഡിഎഫ് 378, എല്‍ഡിഎഫ് സ്വതന്ത്രന്‍ 279, ബിജെപി- 9 വോട്ടും നേടി. ഇവിടെ 80.2 ശതമാനം വോട്ടുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പില്‍ 79.13 ശതമാനം ആയിരുന്നു രേഖപെടുത്തിയത്.

വയനാട് ബത്തേരി നഗരസഭ പത്തൊന്‍പതാം വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അസീസ് മാടാല -391, അസൈനാര്‍ സ്വതന്ത്രന്‍ -255, ബീരാന്‍ പിഎം -സിപിഐ -167, സുധീര്‍ എഎം -ബിജെപി -16 എന്നിങ്ങനെയാണ് വോട്ട് നേടിയത്. ഇന്ന് ഇവിടെ 76.67 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. നേരത്തെ ഉണ്ടായ പോളിംഗിനേക്കാള്‍ 10 വോട്ട് കുറവാണ് ഇത്തവണ പോള്‍ ചെയ്തത്.

വോട്ടിംഗ് യന്ത്രങ്ങള്‍ ഫലം തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം തകരാറിലായതിനെ തുടര്‍ന്നാണ് വയനാട് സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാര്‍ഡിലെ മാര്‍ബസേലിയസ് കോളേജ് ഓഫ് എജ്യുക്കേഷന്‍ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പര്‍ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിപ്പാലിറ്റിയിലെ കിസാന്‍ കേന്ദ്രം വാര്‍ഡിലെ ജി.എച്ച്. സ്‌കൂള്‍ തൃക്കുളം ഒന്നാം നമ്പര്‍ ബൂത്തിലും റീപോളിംഗ് നടത്തിയത്.

Exit mobile version