രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; മുത്തങ്ങയില്‍ നിന്നും പിടികൂടിയത് ഒരു കോടിയോളം രൂപ വിലവരുന്ന നൂറ് കിലോയിലധികം കഞ്ചാവ്

മുത്തങ്ങ: ലോറിയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന ഒരു കോടിയോളം രൂപ വിലവരുന്ന നൂറ് കിലോയിലധികം കഞ്ചാവ് മുത്തങ്ങയില്‍നിന്ന് പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയത്.

സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) ആബിദ് (23) എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സര്‍ക്കിള് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌പെയര്‍ പാര്‍ട്‌സുകളുടെ മറവില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിയ കഞ്ചാവ് പിടികൂടിയത്.

ഒരു കോടിയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിന്റെ തുടര്‍ നടപടികള്‍ക്ക് വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്തിനെയും സംഘത്തെയും ചുമതലപ്പെടുത്തി.

പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി. അനില്‍കുമാറിനെ കൂടാതെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍ മുകേഷ് കുമാര്, എസ് മധുസൂദനന്‍ നായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്മാരായ വിശാഖ്, സുബിന്‍, രാജേഷ്, മുഹമ്മദ് അലി, പ്രഭാകര്‍ പള്ളത്ത്, എക്‌സൈസ് ഡ്രൈവര്‍ രാജീവ് എന്നിവര് പങ്കെടുത്തു.

Exit mobile version