ഡാര്‍ക്ക് ഫാന്റസി പാക്ക് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊറിയര്‍; സംശയം തോന്നി പരിശോധിച്ചപ്പോള്‍ കഞ്ചാവ്, 22കാരന്‍ പിടിയില്‍

കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ ഏജന്‍സി വഴിയാണ് കഞ്ചാവ് അയച്ചത്.

തൃശ്ശൂര്‍: ബംഗളൂരുവില്‍ നിന്ന് കൊറിയര്‍ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിലായി. കുന്നംകുളം ആനായ്ക്കല്‍ സ്വദേശി വൈശാഖാണ് (22) തൃശ്ശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കഞ്ചാവ് അയച്ച ശേഷം അത് വാങ്ങാനായി കൊറിയര്‍ ഏജന്‍സിയില്‍ വന്നപ്പോഴാണ് അറസ്റ്റിലായത്.

ബംഗളൂരുവില്‍ നിന്ന് ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കുന്നംകുളത്തേക്ക് കൊറിയറായി അയച്ചത്. കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ ഏജന്‍സി വഴിയാണ് കഞ്ചാവ് അയച്ചത്. ക്രാഫ്റ്റ്മാന്‍ എന്ന വ്യാജ കമ്പനിയുടെ പേരിലായിരുന്നു കടത്ത്.

വൈശാഖിന് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് ലഹരി വിരുദ്ധ സ്‌ക്വാഡിന് ഏതാനും നാള്‍ മുമ്പ് രഹസ്യ വിവരം കിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു വൈശാഖ്.

ഈ സാഹചര്യത്തിലാണ് കൊറിയര്‍ ഏജന്‍സിയില്‍ നിന്ന് വൈശാഖ് പാക്കറ്റ് വാങ്ങുന്നത് പോലീസ് മനസിലാക്കിയത്. പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത് 100 ഗ്രാം ഗ്രീന്‍ ലീഫ് കഞ്ചാവാണ്. മുമ്പും പല തവണ പ്രതി ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം, സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ പോലീസ് യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Exit mobile version