കർണാടകയിൽ നിന്ന് വരുന്ന യാത്രാ വാഹനങ്ങൾ നാളെ മുതൽ മുത്തങ്ങ വഴി മാത്രം കടത്തിവിടും; നാളെ മുതൽ നടപ്പാക്കും

വയനാട്: കർണാടകയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നാളെ മുതൽ മുത്തങ്ങ വഴി മാത്രമായിരിക്കും കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുക. യാത്രാ വാഹനങ്ങൾക്കുള്ള നിർദേശം പുറപ്പെടുവിച്ചത് വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയാണ്. മുത്തങ്ങ വഴിയുള്ള അന്തർ സംസ്ഥാന റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കുട്ട വഴി ചരക്കു വാഹനങ്ങളുടെ ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂവെന്നും കളക്ടർ അറിയിച്ചു.

അതേസമയം പാസ് ഉണ്ടായിട്ടും ബംഗളൂരുവിൽ നിന്നെത്തിയ യുവാവിനെ വയനാട് തോൽപ്പെട്ടി ചെക്‌പോസ്റ്റിൽ പോലീസ് ആറ് മണിക്കൂർ തടഞ്ഞുവെച്ചതായി പരാതി. ജില്ലാ കളക്ടർ നേരിട്ട് എത്തിയാണ് യുവാവിനെ അതിർത്തി കടത്തിവിട്ടത്. മുത്തങ്ങയിൽ ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്നാണ് പേരാമ്പ്ര സ്വദേശി ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഇന്ദ്രജിത്ത് തോൽപ്പെട്ടി ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് വന്നത്. വൈകിട്ട് അഞ്ച് മണിക്ക് തോൽപ്പെട്ടിയിൽ എത്തിയ ഇദ്ദേഹത്തെ കടത്തിവിടാൻ പോലീസ് തയ്യാറായില്ല. ചരക്ക് വാഹനങ്ങൾക്ക് മാത്രമേ അനുമതിയുള്ളു എന്നായിരുന്നു വാദം. തുടർന്ന് ജില്ലാ ഭരണകൂടമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രജിത്തിനെ വിടാൻ നിർദേശം നൽകി.

എന്നാൽ ആരോഗ്യപരിശോധനക്ക് മെഡിക്കൽ സംഘം വരണമെന്ന് പോലീസ് നിർബന്ധം പിടിച്ചതോടെ ഒടുവിൽ രാത്രി 11 മണിയോടെ ജില്ലാ കളക്ടർ അദീല അബ്ദുള്ള നേരിട്ടെത്തിയാണ് യുവാവിനെ കടത്തിവിട്ടത്. വൈകിയതിനാൽ താമസ സൗകര്യവും ഏർപ്പെടുത്തി.

Exit mobile version