തണ്ണിമത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; തൃശ്ശൂരില്‍ രണ്ട് പേര്‍ പിടിയില്‍

തൃശ്ശൂര്‍: തണ്ണിമത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ തൃശ്ശൂരില്‍ പിടിയില്‍ ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന തണ്ണിമത്തന്‍ ലോറിയിലാണ് കഞ്ചാവ് കടത്താന്‍ ശ്രമം നടത്തിയത്. തളിക്കുളം സ്വദേശി ഷാഹിദ്, ചാവക്കാട് സ്വദേശി ഷാമോന്‍ എന്നിവരാണ് ഷാഡോ പോലീസിന്റെ പിടിയിലായത്.

20 കിലോ കഞ്ചാവാണ് ലോറിയില്‍ നിന്നും കണ്ടെത്തിയത്. വിജയവാഡയിലേക്ക് നാളികേരം കൊണ്ടുപോയ ശേഷം തിരിച്ച് നാട്ടിലേക്ക് തണ്ണിമത്തനുമായി വരുമ്പോഴാണ് ഇവര്‍ പിടിയിലായത്. നൂറുകണക്കിന് തണ്ണിമത്തന്‍ താഴെയിറക്കി പരിശോധിച്ചപ്പോഴാണ് 10 പായ്ക്കറ്റുകളില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടത്.

ലോക്ക്ഡൗണ്‍ കാലത്ത് ചെക്ക് പോസ്റ്റ് കടന്ന് അശ്യവസ്തുക്കള്‍ കൊണ്ടുവരുന്നത് എളുപ്പമായതിനാലാണ് പ്രതികള്‍ ഈ മാര്‍ഗ്ഗം കണ്ടെത്തിയത്. കുറഞ്ഞ വിലയ്ക്കാണ് ഇവര്‍ വിജയവാഡയില്‍ നിന്നും കഞ്ചാവ് വാങ്ങിയത്. ചെറിയ പായ്ക്കറ്റുകളാക്കി മൂന്നിരട്ടി വിലക്ക് വില്‍ക്കാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്.

Exit mobile version