ഐപിഎസ് സ്വപ്‌നം നേടാന്‍ മകളെ പരിശീലിപ്പിക്കാന്‍ പാതിവഴിയില്‍ ജോലി ഉപേക്ഷിച്ച് പിതാവ്, വീട്ടില്‍ തന്നെ ഇരുന്ന് പഠിച്ച് ആദ്യ ശ്രമത്തില്‍ ഐപിഎസ് നേടി മകള്‍; ഇത് അച്ഛന്റെ ത്യാഗത്തിനുള്ള സമ്മാനം

മാതാപിതാക്കളുടെ പിന്തുണയാണ് മക്കളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വഴിതെളിയിക്കുന്നത്. മക്കളുടെ സ്വപ്നങ്ങള്‍ നിറവേറ്റാനായി പരിശ്രമിക്കുന്ന നിരവധി മാതാപിതാക്കള്‍ നമുക്ക് ചുറ്റിനുമുണ്ട്. ഇത്തരത്തില്‍ ഒരു മകളുടെ കഠിനാധ്വാനത്തിന് കൂട്ടിരുന്ന അച്ഛന്റെ കഥയാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

വീട്ടില്‍ തന്നെ ഇരുന്ന് പഠിച്ച് ആദ്യ ശ്രമത്തില്‍ തന്നെ 21-ാം വയസില്‍ ഐപിഎസ് നേടിയ എസ് സുശ്രീയുടെയും മകളെ പരിശീലിപ്പിക്കാനായി പാതിവഴിയില്‍ തന്റെ ജോലി പോലും ഉപേക്ഷിച്ച അച്ഛന്‍ സുനില്‍ കുമാറിന്റെയും പ്രചോദനാത്മക കഥയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ആനന്ദ് ബനഡിക്ട് എന്നയാളാണ് സോഷ്യല്‍മീഡിയയില്‍ അച്ഛന്റെയും മകളുടെയും പരിശ്രമത്തിന്റെയും വിജയത്തിന്റെയും കഥ കുറിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം;

21-ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐപിഎസ് ,, ഇത് അച്ഛന്റെയും മകളുടെയും സ്നേഹബന്ധത്തിന്റെ വിജയം. വീട്ടിലിരുന്നു പഠിച്ച് 21-ാം വയസ്സിലെ ആദ്യ ശ്രമത്തില്‍ത്തന്നെ ഐപിഎസ് നേടിയ എസ്.സുശ്രീയുടെയും മകളെ പരിശീലിപ്പിക്കാനായി പാതിവഴിയില്‍ ജോലിയുപേക്ഷിച്ച അച്ഛന്‍ സുനില്‍കുമാറിന്റെയും പ്രചോദനാത്മക ജീവിതകഥ.. മകളുടെ കരിയര്‍ സ്വപ്നങ്ങള്‍ക്കു നിറം പകരാന്‍ പാതിവഴിയില്‍ കരിയര്‍ ഉപേക്ഷിച്ച ഒരച്ഛന്റെയും മല്‍സര പരീക്ഷയിലെ അഭിമാനനേട്ടം പിതാവിന് ഗുരുദക്ഷിണയായി നല്‍കിയ മകളുടെയും അസാധാരണ ജീവിതകഥയാണിത്.

2017ല്‍ 21-ാം വയസ്സില്‍ ഐപിഎസ് പരീക്ഷ വിജയിച്ച് ആ നേട്ടത്തിനുടമയാകുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞയാളായി മാറിയ കൊല്ലം അഞ്ചല്‍ സ്വദേശിനി എസ്. സുശ്രീ ഈ മാസമാദ്യം ഒഡീഷ കേഡറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥയായി ചുമതലയേറ്റപ്പോള്‍ നല്‍കിയ ആദ്യ സല്യൂട്ട് അച്ഛന്‍ പി.ടി. സുനില്‍കുമാറിന്റെ സ്നേഹത്തിനും കരുതലിനും ഇച്ഛാശക്തിക്കുമായിരുന്നു. കാരണം, കാര്യമായി ഒരു പരിശീലനപരിപാടിയിലും പങ്കെടുക്കാതെ അച്ഛന്റെ ശിക്ഷണത്തില്‍ വീട്ടിലിരുന്നു മാത്രം പഠിച്ചാണു സുശ്രീ ഐപിഎസ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്, അതും ആദ്യ ശ്രമത്തില്‍.

മകള്‍ക്കായെരിഞ്ഞ സൂര്യന്‍ സുനിലും ശ്രീകലയും മകള്‍ക്കു പകുത്തുനല്‍കിയതു സ്വന്തം പേരുകള്‍ മാത്രമായിരുന്നില്ല, ജീവിതവും കൂടിയായിരുന്നു. സുശ്രീയെ (സുനിലിന്റെയും ശ്രീകലയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാല്‍ സുശ്രീ ആയി) ആദ്യാക്ഷരം എഴുതിച്ച ഗുരുവും മെന്ററും പരിശീലകനും മോട്ടിവേറ്ററും സുഹൃത്തുമൊക്കെയായി സുനില്‍ പകര്‍ന്നാടിയ വേഷങ്ങള്‍ ഏറെയാണ്. കേന്ദ്ര റിസര്‍വ് പൊലീസ് സേനയില്‍ (സിആര്‍പിഎഫ്) ഉന്നത പദവിയിലെത്താമായിരുന്ന ജോലി 2010ല്‍ മകളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി വലിച്ചെറിഞ്ഞ് അഞ്ചല്‍ തഴമേല്‍ കലാഭവന്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ സുനിലിനു പ്രായം വെറും 44.വിരമിക്കല്‍ പ്രായമായ 60 വയസ്സു കണക്കുകൂട്ടിയാല്‍ 16 വര്‍ഷത്തെ സര്‍വീസാണു വിആര്‍എസ് (സ്വയം വിരമിക്കല്‍ പദ്ധതി) സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിനു ബാക്കിയുണ്ടായിരുന്നത്.

ഒന്നും രണ്ടും യുപിഎ സര്‍ക്കാരിന്റെ കാലത്തു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സുരക്ഷാചുമതല നിര്‍വഹിച്ച എസ്പിജി (സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) കമാന്‍ഡോ എന്ന അഭിമാനാര്‍ഹമായ ജോലിയില്‍ നിന്നായിരുന്നു മകള്‍ക്കായുള്ള ആ പിന്‍നടത്തം. പാതിവഴിയിലെ പഠനം കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ പത്മവിലാസത്തില്‍ തങ്കപ്പന്‍ പിള്ളയുടെയും പത്മാവതിയമ്മയുടെയും രണ്ടാമത്തെ മകന്‍ പി.ടി. സുനില്‍കുമാര്‍ പത്താം ക്ലാസിലെത്തിയപ്പോഴേക്കും നാട്ടിലെ സന്മാര്‍ഗദായിനി യുവജനസമാജം വായനശാലയിലെ ഒരുമാതിരിപ്പെട്ട പുസ്തകങ്ങളൊക്കെ വായിച്ചുകഴിഞ്ഞിരുന്നു.

സ്‌കൂളില്‍ മൂന്നാം സ്ഥാനത്തോടെ എസ്എസ്എല്‍സിയും മികച്ച മാര്‍ക്കോടെ പ്രീഡിഗ്രിയും വിജയിച്ച് നിലമേല്‍ എന്‍എസ്എസ് കോളജില്‍ ബിഎസ്സി മാത്സിനു ചേര്‍ന്ന സുനിലിന് ഉയര്‍ന്നു പഠിക്കാന്‍ തന്നെയായിരുന്നു മോഹം. പക്ഷേ, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അതനുവദിക്കുന്ന അവസ്ഥയിലായിരുന്നില്ല. അവസാനവര്‍ഷ ഡിഗ്രി പരീക്ഷ എഴുതും മുന്‍പേ ലഭിച്ച സിആര്‍പിഎഫ് ഉദ്യോഗം സ്വീകരിച്ച് അസമിലെ ഗുവാഹത്തിയിലെത്തിയത് അങ്ങനെയാണ്. നൗഗോങ്ങിലെ എസ്പി ഗുവാഹത്തിക്കു സമീപം നൗഗോങ് ജില്ലയില്‍ ജോലി നോക്കാനിടയായതാണു സുനിലിന്റെയും മകള്‍ സുശ്രീയുടെയും ഭാവിജീവിതത്തില്‍ നിര്‍ണായകമായി മാറിയത്. നാട്ടുകാരനായ എന്‍. രാമചന്ദ്രനായിരുന്നു അന്ന് നൗഗോങ് എസ്പി. അദ്ദേഹം പിന്നീട് മേഘാലയ, അസം ഡിജിപിയും എസ്പിജി ഉപമേധാവിയും കൊച്ചിന്‍ പോര്‍ട്ട്രസ്റ്റ് ചെയര്‍മാനുമായി.

രാമചന്ദ്രന്റെ പിതാവ് കയ്യൊപ്പിട്ടു നല്‍കിയ ഒരു കത്ത് സുനിലിന്റെ ജ്യേഷ്ഠന്‍ സംഘടിപ്പിച്ചു നല്‍കിയിരുന്നു. അതുവഴി പരിചയപ്പെടാനെത്തിയ സുനിലിന്റെ കഴിവുകളും ആഗ്രഹങ്ങളും തിരിച്ചറിഞ്ഞ രാമചന്ദ്രന്‍ പഠനം അവസാനിപ്പിക്കരുതെന്നും ജോലിയിലിരുന്നു തന്നെ രണ്ടു വിഷയങ്ങളില്‍ക്കൂടി ബിരുദാനന്തരബിരുദം എടുത്തശേഷം സിവില്‍ സര്‍വീസിനു ശ്രമിക്കണമെന്നും ഉപദേശിച്ചു. ആ ഉപദേശം മനസ്സാ സ്വീകരിച്ചു ഡിഗ്രി മുഴുമിപ്പിച്ച സുനില്‍ പിന്നീടു സോഷ്യോളജിയി!ല്‍ എംഎയും ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റില്‍ എംബിഎയും നേടി. പക്ഷേ, പല നാടുകളിലെ ജോലിയും പഠനവും കഴിഞ്ഞപ്പോഴേക്കും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി കടന്നുപോയിരുന്നു. ഇതിനിടെ ശ്രീകലയുമായുള്ള വിവാഹം. സുശ്രീയും ദേവിശ്രീയും ജനിക്കുന്നു.

ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ സിവില്‍ സര്‍വീസ് സ്വപ്നം ഒരു കനലായി സുനിലിന്റെ ഉള്ളില്‍ ചാരംമൂടിക്കിടന്നു. കനല്‍ ജ്വലിക്കുന്നു ഡിപ്പാര്‍ട്ട്മെന്റിനുള്ളിലെ കടുത്ത ശാരീരിക, മാനസികക്ഷമതാ പരീക്ഷകള്‍ക്കും കര്‍ശന പരിശീലനങ്ങള്‍ക്കും ശേഷം സുനിലിന് ഡല്‍ഹിയില്‍ എസ്പിജി വിഭാഗത്തില്‍ ഡപ്യൂട്ടേഷനില്‍ ജോലി ലഭിച്ചു. ഇതോടെ സിവില്‍ സര്‍വീസിലെ ഒട്ടേറെ പ്രഗല്‍ഭമതികളെ നേരില്‍ കാണാനും പരിചയപ്പെടാനും അവസരം കിട്ടി. വിദ്യാര്‍ഥിയായിരുന്ന സുശ്രീയുടെ മനസ്സില്‍ സിവില്‍ സര്‍വീസ് സ്വപ്നം സുനില്‍ പാകിയത് അവള്‍ പോലുമറിയാതെയായിരുന്നു.

രാജ്യത്തെ മികച്ച ഐഎഎസ്, ഐപിഎസ് ഓഫിസര്‍മാരുടെ ജോലിയുടെ സവിശേഷതകളെക്കുറിച്ചും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്കായി അവര്‍ക്കു ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങള്‍ മകളുമായുള്ള ദൈനംദിന സംഭാഷണത്തില്‍ രസകരമായി സുനില്‍ അവതരിപ്പിക്കുമായിരുന്നു. ഒപ്പം മേലധികാരികള്‍ കൂടിയായിരുന്ന ഋഷിരാജ് സിങ്, രാമചന്ദ്രന്‍ എന്നിവരുമായി സുശ്രീയ്ക്ക് കൂടിക്കാഴ്ചകള്‍ക്കും അവസരമൊരുക്കി. മന്‍മോഹന്റെ ചോദ്യം എസ്പിജി സ്ഥാപകദിനാചരണത്തില്‍ പങ്കെടുക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും സഹധര്‍മിണി ഗുര്‍ചരണ്‍ കൗറിനെയും പൂക്കള്‍ നല്‍കി സ്വീകരിക്കാനുള്ള അവസരം എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്ന സുശ്രീക്കു ലഭിച്ചതു വലിയ പ്രചോദനമായി.

എന്താകാനാണ് ആഗ്രഹം എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് സിവില്‍ സര്‍വീസ് എന്ന ഒരേയൊരു ഉത്തരമേ സുശ്രീക്കുണ്ടായിരുന്നുള്ളൂ. പത്താം ക്ലാസിലെത്തിയപ്പോള്‍ പങ്കെടുത്ത മാനസികാപഗ്രഥന പരീക്ഷയില്‍ക്കൂടി കഴിവുതെളിയിച്ച മകളുടെയുള്ളില്‍ സിവില്‍ സര്‍വീസ് സ്വപ്നം വളര്‍ന്നു പന്തലിച്ചു കഴിഞ്ഞുവെന്നു സുനിലിനു മനസ്സിലായി. അതോടെ അദ്ദേഹം ആ നിര്‍ണായക തീരുമാനത്തിലെത്തി. 2010 സെപ്റ്റംബറില്‍ സര്‍വീസില്‍ നിന്നു സ്വയം വിരമിച്ചു കുടുംബവുമായി സുനില്‍ നാട്ടിലേക്കു തിരിച്ചു.

അച്ഛനാണു ഗുരു അഞ്ചല്‍ ശബരിഗിരി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് ഒന്നാമതായാണു സുശ്രീ പ്ലസ് ടു പാസായത്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്ന് കേരള സര്‍വകലാശാലയിലെ ഒന്നാം റാങ്കോടെ ബിഎ ഇംഗ്ലിഷ് ആന്‍ഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷും പാസായി. 11-ാം ക്ലാസ്സ് മുതല്‍ വിവിധ പത്ര മാസികകളും പൊതുവിജ്ഞാന പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വീട്ടില്‍ വരുത്തി സുശ്രീയുടെ സിവില്‍ സര്‍വീസ് പരിശീലനത്തിന്റെ പ്രാഥമികഘട്ടം സുനില്‍ തുടങ്ങി. ഡിഗ്രി ഒന്നാം വര്‍ഷമായപ്പോള്‍ തിരുവനന്തപുരത്തെ സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയിലെ വാരാന്ത്യ ക്ലാസ്സില്‍ സുശ്രീയെ ചേര്‍ത്തു. അവിടുത്തെ വിശാലമായ ലൈബ്രറിയായിരുന്നു പ്രധാന ലക്ഷ്യം. തിരുവനന്തപുരം യാത്രയില്‍ സുനിലും എല്ലായ്പ്പോഴും മകള്‍ക്കൊപ്പമുണ്ടായിരുന്നു.

സുശ്രീ അക്കാദമിയിലായിരിക്കുമ്പോള്‍ അച്ഛന്‍ തിരുവനന്തപുരത്തെ പുസ്തകശാലകളിലും ലൈബ്രറികളിലും അലഞ്ഞുനടക്കും. ഒരാഴ്ചത്തെ പഠനത്തിനാവശ്യമായ പുസ്തകങ്ങളും മാസികകളും നിറഞ്ഞ തോള്‍സഞ്ചിയുമായിട്ടാകും വൈകിട്ട് നാട്ടിലേക്കുള്ള മടക്കം. പിന്നീടു കൃത്യമായ ടൈംടേബിള്‍ തയാറാക്കി പഠനം വീട്ടില്‍ തന്നെയാക്കി. പുലര്‍ച്ചെ 4.30ന് മകള്‍ക്കൊപ്പം എഴുന്നേല്‍ക്കുന്ന സുനില്‍ രാത്രി 9നു പഠനം അവസാനിക്കും വരെ മകള്‍ക്കൊപ്പം തന്നെ സമയം ചെലവഴിച്ചു, വീട്ടച്ഛനായി മാറി. അഞ്ചല്‍ ശബരിഗിരി സ്‌കൂളിലെ ഗണിതാധ്യാപികയായി ഭാര്യ ശ്രീകല ഉദ്യോഗവും നോക്കി.

പഠനം ആനന്ദം.. വൈകുന്നേരങ്ങളില്‍ ബാഡ്മിന്റന്‍ കളിച്ചും വീട്ടുജോലികളില്‍ ഏര്‍പ്പെട്ടുമാണ് സുശ്രീ പഠന സമ്മര്‍ദം ലഘൂകരിച്ചിരുന്നത്. ദിവസവും ഒരു മണിക്കൂര്‍ പ്രചോദനാത്മക വിഷയങ്ങളില്‍ അച്ഛന്‍ തന്നെ സുശ്രീയ്ക്കു ക്ലാസ് എടുത്തു. വിവിധ വിഷയങ്ങളില്‍ പഠനം എളുപ്പമാക്കുന്ന ഫയലുകളും ചാര്‍ട്ടുകളും തയാറാക്കി നല്‍കി. അമ്മയും അനിയത്തിയും എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. നന്നായി ചിത്രം വരയ്ക്കുകയും കഥകളെഴുതുകയും ചെയ്തിരുന്ന സുശ്രീ സെന്റ് ജോണ്‍സ് കോളജ് കലോല്‍സവത്തില്‍ കലാതിലകവുമായിരുന്നു. വീടൊരു കളരി.. ഡിഗ്രി ഒന്നാം റാങ്കോടെ വിജയിച്ച ശേഷം സോഷ്യോളജി ഐച്ഛിക വിഷയമായി സ്വീകരിച്ചു സിവില്‍ സര്‍വീസ് അവസാനഘട്ട പരിശീലനത്തിനു സുശ്രീയും അച്ഛനും കച്ചമുറുക്കി. ഒരു വര്‍ഷം പൂര്‍ണമായും വീട്ടിലിരുന്നുകൊണ്ടുള്ള പഠനരീതിയാണു സ്വീകരിച്ചത്.

ഇതിനിടെ എഴുതിയ ടെസ്റ്റുകള്‍ പാസായി. തപാല്‍ വകുപ്പ്, ഇന്റലിജന്‍സ് ബ്യൂറോ, ഐഎസ്ആര്‍ഒ എന്നിവിടങ്ങളില്‍ നിന്നു സുശ്രീക്ക് നിയമന ഉത്തരവുകള്‍ ലഭിച്ചുവെങ്കിലും ഒന്നും സ്വീകരിച്ചില്ല. ഈ പരീക്ഷകളൊക്കെ യുപിഎസ്സി പരീക്ഷയ്ക്കു മുന്‍പായുള്ള ടെസ്റ്റ് ഡോസ് മാത്രമായാണു സുശ്രീയും സുനിലും കണ്ടത്. വളരെ ചെറുപ്രായത്തില്‍ കിട്ടിയ ജോലികളൊക്കെ വലിച്ചെറിയുന്നതിനെക്കുറിച്ചു പലരും മുറുമുറുത്തെങ്കിലും അച്ഛനും മകളും അതൊക്കെ അതിജീവിച്ചു. സുനില്‍ ദിവസവും മകള്‍ക്കായി മോക് ടെസ്റ്റുകള്‍ നടത്തി. മഹദ് വചനങ്ങളും പ്രചോദനാത്മക വാക്യങ്ങളും എഴുതി സുശ്രീയുടെ മുറിയിലെ ചുമരുകളില്‍ പതിച്ചു. ദിവസവും രാത്രി ഉറങ്ങുന്നതിനു മുന്‍പ് അന്നത്തെ മുഴുവന്‍ പാഠഭാഗങ്ങളും റിവിഷനും നടത്തി. ആഴ്ച തോറുമുള്ള റിവിഷനും മാസം തോറുമുള്ള റിവിഷനും പ്രത്യേകമായുണ്ടായിരുന്നു.

ഞാനില്ലെങ്കിലും.. ഒടുവില്‍ പ്രിലിമിനറി പരീക്ഷാ തീയതി അടുത്തെത്തി. മാതൃകാ ചോദ്യോത്തര എഴുത്തുപരിശീലനവും അതിന്റെ തിരുത്തലുകളും എല്ലാ ദിവസവും നടത്തിക്കൊണ്ടിരുന്നു. 4 വര്‍ഷം നീണ്ട ഈ കഠിന പരിശീലനചര്യയ്ക്കൊടുവില്‍ മകള്‍ക്കൊപ്പം അച്ഛനും ഉരുകിത്തീര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അവസാനഘട്ടമായപ്പോഴേക്കും ഈ സമ്മര്‍ദം തനിക്കു താങ്ങാനാകുമോയെന്ന സംശയം പോലും സുനിലിനുണ്ടായി. പരീക്ഷയ്ക്കു മുന്‍പ് അദ്ദേഹം മകളോട് ഇങ്ങനെ പറഞ്ഞു, ഞാന്‍ മരിച്ചുപോയാലും നീ പരീക്ഷ എഴുതാതിരിക്കരുത്. ഞാന്‍ ഋഷിരാജ് സിങ് സാറിനോടും രാമചന്ദ്രന്‍ സാറിനോടും എല്ലാക്കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അവര്‍ നിന്നെ എല്ലാക്കാര്യങ്ങള്‍ക്കും സഹായിച്ചുകൊള്ളും
പൊട്ടിക്കരഞ്ഞ നിമിഷം.. 2017 ജൂണിലായിരുന്നു പ്രിലിമിനറി പരീക്ഷ.

ഓഗസ്റ്റില്‍ ഫലം വന്നു. ജയം. ഒക്ടോബര്‍ അവസാന ആഴ്ചയായിരുന്നു മെയിന്‍സ്. അഞ്ചുദിവസം രാവിലെയും വൈകിട്ടും തുടര്‍ച്ചയായി പരീക്ഷ. അഞ്ചലില്‍ നിന്നു ബസിലാണ് ദിവസവും തിരുവനന്തപുരത്തെ പരീക്ഷാകേന്ദ്രത്തിലേക്കുള്ള യാത്ര. ബസ് യാത്രകള്‍ ഏറെ ഇഷ്ടമായിരുന്ന സുശ്രീയുടെ മനസ്സിലെ സമ്മര്‍ദത്തിന്റെ അവസാനകണികയും അകറ്റുകയായിരുന്നു സുനിലിന്റെ ഉദ്ദേശ്യം. ഡിസംബറില്‍ മെയിന്‍സ് ഫലം. അതും കടന്നു. തുടര്‍ന്ന് ഇന്റര്‍വ്യൂവിന് ഡല്‍ഹിയിലേക്ക്. 2018 ഏപ്രില്‍ 23ന് 45 മിനിറ്റ് നീണ്ടുനിന്ന ഇന്റര്‍വ്യു. 24നു മെഡിക്കല്‍ ടെസ്റ്റും കഴിഞ്ഞ് 27ന് തിരുവനന്തപുരത്ത് ഇരുവരും വിമാനമിറങ്ങുന്നു. സുശ്രീയെ പരിശീലനത്തിനിടെ പല കാര്യങ്ങളിലും സഹായിച്ചിട്ടുള്ള മുന്‍ സ്ഥാനപതി ടി.പി. ശ്രീനിവാസന്റെ കോള്‍ സുനിലിന്റെ ഫോണിലേക്കെത്തുന്നു.

ഓള്‍ ഇന്ത്യ 151-ാം റാങ്കും കേരളത്തില്‍ അഞ്ചാം റാങ്കും നേടി സുശ്രീക്ക് അഭിമാനാര്‍ഹമായ വിജയം. വെറും വിജയമല്ല, ആദ്യശ്രമത്തിലെ തന്നെ ജയം. കൂടാതെ, ഐപിഎസ് പാസാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാളും. ആ നിമിഷം സുനില്‍ എല്ലാം മറന്നു പൊട്ടിക്കരഞ്ഞു. സുനില്‍കുമാര്‍ സുശ്രീയെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ചു തുടങ്ങിയതുമുതല്‍ക്കുള്ള മുഴുവന്‍ ചെലവും എഴുതി സൂക്ഷിച്ചിട്ടുണ്ട്. അമ്മ അരിവിറ്റും ജ്യേഷ്ഠന്‍ കണ്ടക്ടര്‍ ജോലിയെടുത്തും നല്‍കിയ വിലയേറിയ നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടി ജീവിച്ച കാലഘട്ടത്തിന്റെ ഓര്‍മ തന്നെ കാരണം. പൈസ തികയാത്തതിനാല്‍ നിലച്ച കലാലയജീവിതം പഠിപ്പിച്ച സാമ്പത്തിക അച്ചടക്കം, ജോലി കിട്ടിയ ശേഷം ദിവസവും വരവുചെലവു കണക്കുകള്‍ എഴുതിവയ്ക്കുന്നതു സുനിലിന്റെ ശീലമാക്കി മാറ്റി.

അതദ്ദേഹം മകളിലേക്കും പകര്‍ന്നു. പഠനാവശ്യങ്ങള്‍ക്കായുള്ള ഓരോ തിരുവനന്തപുരം യാത്രകള്‍ കഴിഞ്ഞു വരുമ്പോളും രണ്ടു ബസ് ടിക്കറ്റുകള്‍ അദ്ദേഹം മകളെ ഏല്‍പ്പിക്കുമായിരുന്നു, ചെലവുകണക്കില്‍ ചേര്‍ക്കാന്‍. പഠനസാമഗ്രികള്‍, യാത്ര (അതില്‍ ഡല്‍ഹിയിലേക്കുള്ള 2 വിമാനയാത്രകളും ഉള്‍പ്പെടും), ഫീസുകള്‍ എന്നിവയുള്‍പ്പെടെ സുശ്രീയ്ക്ക് ആകെ ചെലവായതു 82,242 രൂപ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായവരുടെ പ്രശ്നങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, കടന്നുവന്ന വഴി മറന്നുപോകാതിരിക്കാന്‍ ആ കണക്കുപുസ്തകം അദ്ദേഹം മകളുടെ കയ്യില്‍ ഭദ്രമായി ഏല്‍പ്പിച്ചിട്ടുണ്ട്. അബ്ദുല്‍കലാം.. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍കലാമിന്റെ If you want to shine like a sun, first burn like a sun എന്ന പ്രശസ്തമായ വാക്യം മനസ്സിന്റെ ഭിത്തിയില്‍ കോറിയിട്ടിട്ടുള്ള സുനിലിന്റെ മാതൃകാ വ്യക്തിത്വവും കലാം തന്നെ. മകളുടെ ഇഷ്ടവും വ്യത്യസ്തമല്ല.

സ്വപ്നം സാധ്യമാണ് സിവില്‍ സര്‍വീസ് കരിയര്‍ സ്വപ്നം കാണുന്നവരോട് ഇരുവര്‍ക്കും പറയാനുള്ളത് ഇതാണ്. എനിക്ക് സിവില്‍ സര്‍വീസ് നേടണം, നേടാനാകും എന്ന കാര്യം ആദ്യം മനസ്സിലുറപ്പിക്കുക. ലക്ഷ്യം യാഥാര്‍ഥ്യമാകുന്നതു വരെ അതു തനിക്കു സാധിക്കുമെന്നു തീവ്രമായി വിശ്വസിച്ചുകൊണ്ടിരിക്കുക. പലയാളുകളും, പല സാഹചര്യങ്ങളും നമുക്കു മുന്നില്‍ വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍, അവയെ നെഗറ്റീവ് ആയി കാണാതെ നമുക്കു മുന്നോട്ടു പോകാനുള്ള പ്രചോദനമേകുന്ന ഇന്ധനമായി കരുതുക.

പരാജയങ്ങള്‍ അനുഭവപാഠങ്ങളായി കണ്ട് അതിജീവിക്കുക. i m thankful to all those who have said no to me, it is because of them that I have done it myself എന്ന മഹദ്വചനം എല്ലായ്പ്പോഴും ഓര്‍ക്കുക. ഇതൊരു കഠിന യാത്രയാണ്. വഴിയിലെ ബുദ്ധിമുട്ടുകളും ത്യാഗങ്ങളും തടസ്സങ്ങളുമെല്ലാം വലിയ വേദനയായി തോന്നിയേക്കാം. എന്നാല്‍ ഒടുവില്‍ നിങ്ങളാഗ്രഹിച്ച ലക്ഷ്യത്തിലെത്തിക്കഴിയുമ്പോള്‍ അവയെല്ലാമെത്ര നിസ്സാരമായിരുന്നെന്നു മനസ്സിലാകും. ആ ഒരു നിമിഷം ലോകം നിങ്ങളുടേതായി മാറും. എല്ലാ ആശംസകളും ജീവിതത്തില്‍ സ്വപ്നങ്ങളുള്ള ആര്‍ക്കും ഈ വരികള്‍ മനസ്സില്‍ കുറിച്ചിടാം. ഈ അച്ഛന്റെയും മകളുടെയും ജീവിതം ഓര്‍ത്തുവയ്ക്കാം ..

Exit mobile version