‘വെറുമൊരു സെക്യൂരിറ്റിയല്ല, എന്റെ ജീവിതത്തിന്റെ കാവല്‍ക്കാരനാണ്’: യുകെയില്‍ നിന്നും സ്വന്തമാക്കിയ ബിരുദം അച്ഛന് സമര്‍പ്പിച്ച് മകള്‍; ഹൃദയം നിറയ്ക്കുന്ന വീഡിയോ

മുംബൈ: മക്കളുടെ ഉന്നത വിജയം ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍. മക്കളുടെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നതും അവരാണ്. സ്വന്തം വിജയത്തിന് വേണ്ടി താങ്ങും തണലുമായി നിന്ന മാതാപിതാക്കള്‍ക്ക് ആ വിജയം സമര്‍പ്പിക്കുന്നതിലും വലിയ സന്തോഷം മറ്റൊന്നില്ല. അങ്ങനെ യുകെയില്‍ ബിരുദം പൂര്‍ത്തിയാക്കി തന്റെ വിജയം സെക്യൂരിറ്റി ഗാര്‍ഡായ അച്ഛന് സമര്‍പ്പിക്കുന്ന മകളുടെ വീഡിയോയാണ് സാമൂഹികമാധ്യമത്തില്‍ വൈറലാകുന്നത്.

”നന്ദി അച്ഛാ എന്നില്‍ വിശ്വസിച്ചതിന്” എന്ന ക്യാപ്ഷനോടെ മുംബൈയില്‍ നിന്നുള്ള ധനശ്രീ ജി ആണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മനംനിറയ്ക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇതിനകം 20.5 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

അച്ഛനെ വികാരനിര്‍ഭരയായി കെട്ടിപ്പിടിക്കുന്ന ധനശ്രീയെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. അച്ഛന്‍ മകളെ യുകെയിലേക്ക് യാത്രയാക്കുന്നതും ബിരുദദാന ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളുമൊക്കെ വീഡിയോയില്‍ കാണാം. വീഡിയോയ്ക്കുള്ളില്‍ മനോഹരമായ കുറിപ്പും ധനശ്രീ പങ്കുവെച്ചിട്ടുണ്ട്.

”നിങ്ങള്‍ വെറുമൊരു സെക്യൂരിറ്റിയാണ്, നിങ്ങള്‍ക്ക് മകളെ വിദേശത്തേയ്ക്ക് അയയ്ക്കാന്‍ സാധിക്കില്ല എന്നു പറഞ്ഞവരോട്. അദ്ദേഹം എന്റെ ജീവിതത്തിന്റെ തന്നെ കാവല്‍ക്കാരനാണ്, അദ്ദേഹം അത് സാധിച്ചിരിക്കുന്നു.”- എന്നാണത്.


വിദേശത്തേയ്ക്ക് പോകുവാനുള്ള തീരുമാനം താന്‍ പെട്ടെന്ന് എടുത്തതല്ലെന്നും 2 വര്‍ഷം കൊണ്ടാണ് അത് പ്ലാന്‍ ചെയ്തതെന്നും ധനശ്രീ പറയുന്നു. കുടുബത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ യു.കെയില്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് ചിലവുകള്‍ക്കുള്ള പണം കണ്ടെത്തുകയായിരുന്നു എന്നും ധനശ്രീ കൂട്ടിച്ചേര്‍ക്കുന്നു.

നടന്‍ ആയുഷ്മാന്‍ ഖുറാന ഉള്‍പ്പെടെ നിരവധി പേര്‍ ധനശ്രീയുടെ വീഡിയോയെ അഭിനന്ദിച്ച് കമന്റുകള്‍ ചെയ്തിട്ടുണ്ട്. തന്റെ ജീവിതാനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതിലൂടെ ലഭിച്ച ആശംസകള്‍ക്കും അനുമോദനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് മറ്റൊരു വീഡിയോയും അതേ ഇന്‍സ്റ്റഗ്രാം പേജില്‍ ധനശ്രീ പങ്കുവെച്ചിട്ടുണ്ട്.

Exit mobile version