ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിയായി തന്നെ കാണേണ്ട, തലമുറ കൈമാറി വരാന്‍ രാഷ്ട്രീയം ബിസിനസ്സല്ല; ചാണ്ടി ഉമ്മന്‍

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ മകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചാണ്ടി ഉമ്മന്‍. പക്ഷേ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വയം പിന്മാറിയതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തന്നെ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിയായി കാണേണ്ടന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. തലമുറയായി കൈമാറി വരാന്‍ രാഷ്ട്രീയം ബിസിനസ്സല്ല. കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. നേതാവിന്റെ മകനായത് കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ വരുന്നതെന്ന് പറയുന്നത് ശരിയല്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതിന് സാധ്യത വിരളമാണെന്നും ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ട് തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥികള്‍ക്കായി താന്‍ പ്രചാരണ രംഗത്ത് ഉണ്ടായിരുന്നുവെന്ന് ഓര്‍മിപ്പിച്ച ചാണ്ടി ഉമ്മന്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്തിറങ്ങിയപ്പോള്‍ ചിലര്‍ തന്നെ കേരളത്തിലെ പുതുമുഖമായി അവതരിപ്പിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടുന്നു.

Exit mobile version