നാമര്‍നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തന്റെ ഒപ്പ് മോഷ്ടിച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി പ്രവാസി

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ സമര്‍പ്പിക്കപ്പെട്ട നാമര്‍നിര്‍ദ്ദേശ പത്രികകളെച്ചൊല്ലി വിവാദം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാമര്‍നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തന്റെ ഒപ്പ് മോഷ്ടിച്ചെന്ന പരാതിയുമായി പ്രവാസി രംഗത്തെത്തി.

പാലക്കാട് ചിറ്റൂര്‍ തത്തമംഗലം സ്വദേശി ശ്രീറാമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുയര്‍ത്തി രംഗത്തെത്തിയത്. സംഭവത്തില്‍ ശ്രീറാം എന്‍ആര്‍ഐ സെല്‍ മുഖേന പൊലീസില്‍ പരാതി നല്‍കി ഫെബ്രുവരി മുതല്‍ ദുബായിലുള്ള തന്റെ ഒപ്പ് വ്യാജമായി ചേര്‍ത്താണ് ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലേക്ക് നോമിനേഷന്‍ നല്‍കിയിരിക്കുന്നതെന്ന് ശ്രീറാം ചൂണ്ടിക്കാട്ടി.

തന്റെ പേരില്‍വ്യാജരേഖ ചമച്ചതിന് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് വിവാദവും പരാതികളും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

നഗരസഭയിലെ 21, 24, 28 വാര്‍ഡുകളില്‍ വിമത സ്ഥാനാര്‍ത്ഥികളായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. വിദേശിയുടേതുള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്നുവാര്‍ഡുകളില്‍ വ്യാജ ഒപ്പിട്ട് നോമിനേഷന്‍ നല്‍കിയത് വിമതര്‍ക്കെതിരെ ആയുധമാക്കിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

തെരഞ്ഞെടുപ്പ് മത്സരാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക നല്‍കുമ്പോള്‍ പിന്താങ്ങുന്നതിനായി ഒരു വോട്ടറുടെ ഒപ്പ് നിര്‍ബന്ധമാണ്. പത്രിക സ്വീകരിച്ചതിന് ശേഷമാണ് പരാതി വന്നത് എന്നതുകൊണ്ട് നപടിയെടുക്കാന്‍ തനിക്ക് അധികാരമില്ലെന്നാണ് സംഭവത്തില്‍ റിട്ടേണിങ്ങ് ഓഫീസറുടെ പ്രതികരണം.

Exit mobile version