നീതികേട് കാട്ടിയെന്ന് ആരോപണം; കണ്ണൂരില്‍ വനിത ലീഗ് സെക്രട്ടറി രാജിവെച്ചു, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനം

തലശേരി: കടുത്ത നീതികേട് കാട്ടിയെന്ന് ആരോപിച്ച് വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നഗരസഭാ പ്രതിപക്ഷ നേതാവുമായ പിപി സാജിത മുസ്ലീം ലീഗില്‍ നിന്നും രാജി വെച്ചു. ചെറ്റുകുന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് സാജിത.വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചേറ്റുകുന്ന വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷം തികഞ്ഞവര്‍ മത്സരിക്കേണ്ടതില്ലെന്ന് നിലപാട് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതോടെയാണ് സാജിത പാര്‍ട്ടി വിട്ടത്. പൊറുക്കാനാവാത്ത നീതികേടാണ് നേതൃത്വം തന്നോട് കാട്ടിയതെന്ന് രാജിവെച്ച ശേഷം സാജിത പറഞ്ഞു.

കൗണ്‍സിലറായി പ്രവര്‍ത്തിച്ചത് ഏഴര വര്‍ഷം മാത്രമാണെന്നും രണ്ട് തവണ ഉപതെരഞ്ഞെടുപ്പിലാണ് മത്സരിച്ചതെന്നും സാജിത പറയുന്നു. വാര്‍ഡിലെ ജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഒടുവില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതെന്നും സജിത പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സാജിത കൂട്ടിച്ചേര്‍ത്തു. 1999 ല്‍ കുഴിപ്പങ്ങാട് വാര്‍ഡില്‍ നിന്നുമാണ് ആദ്യമായി ജനവിധി തേടുന്നത്.

Exit mobile version