ബീഫില്‍ വിഷം പുരട്ടി നല്‍കി, പൂര്‍ണഗര്‍ഭിണിയായ നായയോട് കൊടുംക്രൂരത, ജീവന്‍ രക്ഷിക്കാനായില്ല

വടകര: വിഷം ഉള്ളില്‍ ചെന്ന് ഗര്‍ഭിണിയായ നായ ചത്തു. കോഴിക്കോട് വടകരയിലെ വില്യാപ്പള്ളിയിലാണ് സംഭവം. പൂര്‍ണ ഗര്‍ഭിണിയായ നായയെ 2 തവണ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് ഗ്ലൂക്കോസും കുത്തിവയ്പും നല്‍കിയെങ്കിലും രക്ഷപ്പെട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് വില്യാപ്പള്ളി ടൗണില്‍ റോഡരികില്‍ അവശനിലയില്‍ നായയെ കണ്ടത്. എന്നാല്‍ നായയുടെ ദയനീയസ്ഥിതി കണ്ട് പലരും മുഖം തിരിച്ചു. അതിനിടെയാണ് ട്രാവല്‍സ് നടത്തുന്ന കെ.സിജിന്‍ തുണയായി എത്തിയത്. സിജിന്‍ നായയെ വെറ്ററിനറി ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായി.

ലക്ഷണം കണ്ട് വിഷം ഉള്ളില്‍ ചെന്നതാണെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത നായയെ പെട്ടി ഓട്ടോയില്‍ കിടത്തിയാണ് വടകര പുതിയാപ്പിലെ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചത്. 3 കുപ്പി ഗ്ലൂക്കോസും കുത്തിവയ്പും നല്‍കിയെങ്കിലും അവശതയ്ക്ക് മാറ്റമുണ്ടായില്ല.

നായ ഛര്‍ദിച്ചപ്പോള്‍ വയറ്റില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തു വന്നിരുന്നു. അതോടെ ബീഫില്‍ വിഷം പുരട്ടി നല്‍കിയതാണെന്ന് മനസ്സിലായി. ഇന്നലെ വീണ്ടും വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ച് മരുന്നു നല്‍കി.
വില്യാപ്പള്ളിയില്‍ തിരിച്ച് എത്തിച്ച നായയ്ക്ക് സിജിന്റെ നേതൃത്വത്തില്‍ വെള്ളവും മരുന്നും നല്‍കി.

കുത്തരി കൊണ്ട് കഞ്ഞി ഉണ്ടാക്കി നായയ്ക്ക് നല്‍കാന്‍ നോക്കുമ്പോഴാണ് ചത്ത വിവരം അറിയുന്നത്. രണ്ടു ദിവസം പരിശ്രമിച്ചിട്ടും നായയെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിന്റെ വേദനയിലാണ് സിജിന്‍. പൂര്‍ണ ഗര്‍ഭിണിയായ നായയോട് ചെയ്ത കൊടും ക്രൂരതയ്ക്ക് എതിരെ മൃഗസ്‌നേഹികളില്‍ പ്രതിഷേധം ഉയര്‍ന്നു.

Exit mobile version